യുപിയിലെ ബുള്‍ഡോസര്‍ നടപടി അലഹബാദ് ഹൈക്കോടതി നിര്‍ത്തിവച്ചു, യോഗി സര്‍ക്കാരിന് സമന്‍സ്
ലഖ്‌നോ: ബുള്‍ഡോസര്‍ നടപടിയില്‍ നിലപാട് കടുപ്പിച്ച് അലഹബാദ് ഹൈക്കോടതി. ഹാമിര്‍പൂര്‍ കേസിലാണ് ബുള്‍ഡോസര്‍ നടപടി അലഹബാദ് ഹൈക്കോടതി നിര്‍ത്തിവച്ചത്. പൊളിക്കല്‍ നടപടി സ്റ്റേ ചെയ്ത കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്ന് പ്രതികരണം തേടി. സംഭവത്തില്‍ കോടതി രണ്ടാഴ്ചത്തെ കാലാവധി നീട്ടി നല്‍കുകയും അടുത്ത വാദം കേള്‍ക്കല്‍ 2026 ഫെബ്രുവരി 25 ലേക്ക് മാറ്റുകയും ചെയ്തു.
സുപ്രിംകോടതിയുടെ വ്യക്തമായ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും ഭരണകൂടം ബുള്‍ഡോസര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ആരോപിച്ച് ഫാഹിമുദ്ദീനും മറ്റ് ഹരജിക്കാരും ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. പല കേസുകളിലും, ഒരു സംഭവമോ ആരോപണമോ ഉണ്ടായാല്‍ ഉടന്‍ തന്നെ വീടുകളും വാണിജ്യ കെട്ടിടങ്ങളും പൊളിച്ചുമാറ്റാറുണ്ടെന്നും ഇത് നിയമവാഴ്ചയുടെ തത്വം ലംഘിക്കുന്നുണ്ടെന്നും ഹരജിക്കാര്‍ പറയുന്നു.
നിയമപരമായ പ്രക്രിയയെ മറികടക്കുന്ന നടപടികള്‍ ഒരു സാഹചര്യത്തിലും കോടതി അംഗീകരിക്കില്ലെന്ന് ബെഞ്ച് വ്യക്തമായി പറഞ്ഞു. ഹാമിര്‍പൂരിലും മറ്റ് ജില്ലകളിലും ആരോപിക്കപ്പെടുന്ന ബുള്‍ഡോസര്‍ നടപടി നടപ്പിലാക്കിയ നിയമങ്ങളും നിയമ വ്യവസ്ഥകളും വ്യക്തമാക്കി അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് വിശദമായ പ്രതികരണം സമര്‍പ്പിക്കാന്‍ കോടതി യുപി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അതുവരെ, കോടതിയുടെ ഇടക്കാല ഉത്തരവ് പ്രാബല്യത്തില്‍ തുടരും, കൂടാതെ ഹര്‍ജിക്കാരുടെ ഒരു വസ്തുവിലും ബുള്‍ഡോസറുകള്‍ ഉപയോഗിക്കില്ല.