മിശ്ര വിവാഹിതര്‍ ഒരുമിച്ച് താമസിക്കുന്നത് കുറ്റകരമല്ലെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അലഹബാദ് ഹൈക്കോടതി

Update: 2026-02-24 05:23 GMT

ലഖ്‌നോ: വ്യത്യസ്ത മതസ്ഥരായ ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നത് കുറ്റകരമല്ലെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അലഹബാദ് ഹൈക്കോടതി. മുതിര്‍ന്നവരുടെ വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണെന്നും മതപരമോ സാമൂഹികമോ കുടുംബപരമോ ആയ എതിര്‍പ്പിന്റെ അടിസ്ഥാനത്തില്‍ അത് നിയന്ത്രിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 12 വ്യത്യസ്ത മതസ്ഥരായ ദമ്പതികളുടെ ഹരജികള്‍ കേട്ട ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള എതിര്‍പ്പ് കാരണം തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് ഹരജിക്കാര്‍ വാദിച്ചു. ഹരജി പരിഗണിച്ച കോടതി, മിശ്രമത ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കുന്നത് കുറ്റകൃത്യമല്ലെന്നും അതിനാല്‍, സംസ്ഥാന സര്‍ക്കാരും പോലിസും അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും വ്യക്തമാക്കുകയായിരുന്നു.

രണ്ട് മുതിര്‍ന്നവരുടെ ഒരുമിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമായി ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശമാണെന്നും അനാവശ്യമായി അതില്‍ ഇടപെടരുതെന്നും കോടതി പ്രസ്താവിച്ചു. ദമ്പതികള്‍ക്ക് അവരുടെ വ്യക്തിജീവിതമോ ബന്ധമോ ഭീഷണിയായി തോന്നിയാല്‍, അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി വിധിയില്‍ പറഞ്ഞു.

Tags: