തെളിവില്ലാതെ ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാനസികമായ കൊലപാതകമെന്ന് അലഹബാദ് ഹൈക്കോടതി

Update: 2026-02-08 08:35 GMT

പ്രയാഗ്രാജ്: തെളിവില്ലാതെ ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് സാമൂഹികവും മാനസികവുമായ കൊലപാതകമാണെന്ന് അലഹബാദ് ഹൈക്കോടതി. വാരണാസിയില്‍ നിന്നുള്ള കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന ഹരജി അനുവദിച്ചു കൊണ്ട് ജസ്റ്റിസ് നീരജ് തിവാരി, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുന്നയാളാണ് പരാതിക്കാരന്‍. ഇയാള്‍ 2003 നവംബര്‍ 25 ന് വാരണാസിയില്‍ നിന്ന് ഒരു അധ്യാപികയെ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചു. രണ്ട് ആണ്‍മക്കളുള്ള ഇരുവരും 2011 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 2014-ല്‍ ഭര്‍ത്താവ് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി.

ഭാര്യക്ക് തന്നെ സംശയമാണെന്നും സഹോദരന്റെ ഭാര്യയുമായി അവിഹിതമുണ്ടെന്നും ഭാര്യ പറഞ്ഞെന്നു ഇയാളുടെ ഹരജിയില്‍ പറയുന്നു. എന്നാല്‍ ഇതില്‍ ഭാര്യ പരാതി നല്‍കുകയോ ഒരു നോട്ടീസ് പോലും നല്‍കുകയോ ചെയ്തിട്ടില്ലെന്നും ഭാഷണിപ്പെടുത്തി ജീവിതം നശിപ്പിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. ഇതിന്റെ തെളിവായി അദ്ദേഹം ഒരു ശബ്ദരേഖയും ഹാജരാക്കി.

ഒരു അമ്മ വര്‍ഷങ്ങളോളം മക്കളെ ഉപേക്ഷിക്കുകയും ഭര്‍ത്താവിന്റെ സ്വഭാവത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍, ദാമ്പത്യത്തിന്റെ ഘടന മാത്രമേ നിലനില്‍ക്കൂ, ആത്മാവല്ല എന്ന് ഹൈക്കോടതി വിധിച്ചു. അത്തരമൊരു സാഹചര്യത്തില്‍, വിവാഹമോചനം മാത്രമാണ് ഏക പോംവഴി. ഭര്‍ത്താവ് വര്‍ഷങ്ങളായി പരാതിപ്പെട്ടിട്ടില്ലെങ്കില്‍, അയാള്‍ പീഡിപ്പിക്കപ്പെടുന്നില്ല എന്നല്ല അര്‍ത്ഥമാക്കുന്നതെന്ന് കോടതി പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തില്‍, കുട്ടികളുടെ ഭാവിക്കു വേണ്ടി പുരുഷന്മാര്‍ നരകതുല്യമായ അവസ്ഥകള്‍ സഹിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Tags: