വിദ്വേഷ പ്രസംഗക്കേസില്‍ അബ്ബാസ് അന്‍സാരിയെ വെറുതെവിട്ടു

Update: 2025-08-20 14:46 GMT

അലഹബാദ്: ഉത്തര്‍പ്രദേശിലെ മൗ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായിരുന്ന അബ്ബാസ് അന്‍സാരിയെ വിദ്വേഷ പ്രസംഗക്കേസില്‍ ഹൈക്കോടതി വെറുതെവിട്ടു. 2022ല്‍ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ടിക്കറ്റിലാണ് അബ്ബാസ് അന്‍സാരി മല്‍സരിച്ചത്. സമാജ് വാദി പാര്‍ട്ടി പിന്തുണക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ ഒരു പ്രസംഗമാണ് കേസിന് കാരണമായത്.

''സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആറ് മാസത്തേക്ക് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന് അഖിലേഷ് യാദവിനോട് പറഞ്ഞിട്ടുണ്ട്. ആദ്യം കണക്കുകള്‍ തീര്‍ക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ സ്ഥലംമാറ്റം നടക്കൂ''-എന്നായിരുന്നു പ്രസംഗം. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തിനെതിരേ സര്‍ക്കാര്‍ കേസെടുത്തു. വിചാരണക്കോടതി അന്‍സാരിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. ശിക്ഷിച്ചതോടെ നിയമസഭാ അംഗത്വം നഷ്ടമായി. വിചാരണക്കോടതി വിധിക്കെതിരേ അദ്ദേഹം ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിച്ചു. ഈ അപ്പീലിലാണ് ഇന്ന് വിധിയുണ്ടായത്. വിചാരണക്കോടതി വിധി റദ്ദായതോടെ അദ്ദേഹത്തിന്റെ നിയമസഭാ അംഗത്വം പുനസ്ഥാപിക്കപ്പെടും.