തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ധരാത്രി 12മണിയോടെ ആരംഭിക്കും.
കേരളത്തില്‍ ഭരണ, പ്രതിപക്ഷ സംഘടനകള്‍ പ്രത്യേകമായാണ് പണിമുടക്കുന്നത്.കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കില്‍ ഭാഗമാകില്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേശ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, മന്ത്രിയെ തള്ളി യൂണിയനുകള്‍ രംഗത്തെത്തി. ഇതോടെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. അവധിയെടുത്താല്‍ ഒരു ദിവസത്തെ ശമ്പളം വെട്ടിക്കുറക്കുമെന്ന് അറിയിപ്പ്.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, എല്‍ഐസി, മറ്റ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍, കളക്ടറേറ്റുകള്‍, ബാങ്ക് സേവനങ്ങള്‍ എന്നിവ തടസപ്പെടും. സ്‌കൂളും കോളേജുകളും പ്രവര്‍ത്തിക്കില്ലെന്നാണ് വിവരം. എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക പ്രഖ്യാപിച്ചിട്ടില്ല. പാല്‍, പത്രം, ആശുപത്രി, മെഡിക്കല്‍ സ്‌റ്റോറുകള്‍, ജലവിതരണം, അഗ്‌നിശമന സേവനങ്ങള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.