പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും- മുഖ്യമന്ത്രി
ഫലസ്തീനില്‍നിന്നുള്ള ചിത്രങ്ങളടക്കം 19 സിനിമകള്‍ക്കാണ് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 19 ചിത്രങ്ങള്‍ക്കാണ് ഇത്തവണത്തെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വിലക്കിയ എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര അക്കാദമിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച യൂണിയന്‍ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗ്ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പ്. ഇത്തരത്തിലുള്ള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി കുറിച്ചു.
