അവയവ ദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ആലിന്‍ ഷെറിന്‍ യാത്രയായി
പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന് യാത്രാമൊഴി നല്‍കി കേരളം. മസ്തിഷ്‌ക മരണ ശേഷം അവയവ ദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കിയ കുഞ്ഞുമകള്‍ ആലിന് പത്തനംതിട്ട മല്ലപ്പളളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ബഹുമതികളോടെയാണ് വിട നല്‍കിയത്.
വീട്ടിലും പളളിയിലുമായി ആയിരക്കണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. മന്ത്രിമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ്, വി എന്‍ വാസവന്‍ തുടങ്ങിയവര്‍ അന്തിമോചാരം അര്‍പ്പിക്കാനെത്തിയിരുന്നു. വിശ്വമാനവീകയതയുടെ ഉദാത്തമായ മാതൃകയാണ് കുടുംബം കാണിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. മുഖ്യമന്ത്രി നാളെ ആലിന്റെ വീട് സന്ദര്‍ശിക്കുമെന്നും വാസവന്‍ പറഞ്ഞു. ആലിന്റെ അച്ഛനും അമ്മയ്ക്കും സല്യൂട്ടെന്ന് കമല്‍ഹാസന്‍ എംപിയും പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടുമണിവരെ വീട്ടില്‍ പൊതുദര്‍ശനം നടത്തിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പളളത്ത് വെച്ചുണ്ടായി അപകടത്തില്‍ മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റേയും ഷെറിന്റേയും പത്തുമാസം പ്രയമുളള കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്‌കമരണം സംഭവിച്ചത്. തുടര്‍ന്ന് കുട്ടിയുടെ വൃക്കകള്‍, ഹൃദയം, കരള്‍, നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്യുകയായിരുന്നു. അവയവദാനത്തില്‍ പുതു ചരിത്രമെഴുതി നാലു കുരുന്നുകള്‍ക്ക് പുതുജീവനേകിയാണ് ആലിന്‍ വിടവാങ്ങുന്നത്.
ആലിന്‍ ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ വിജയകരമായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന കരള്‍ മാറ്റ ശസ്ത്രക്രിയയില്‍ ആലിന്റെ കരള്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവെച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവാണ് ഈ കുഞ്ഞ്. എസ്‌ഐടിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകള്‍ നല്‍കിയത്. ആലിന്റെ നേത്രപടലവും ഹൃദയവാല്‍വും ദാനം ചെയ്തിട്ടുണ്ട്. വാല്‍വ് എസ്‌ഐടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകര്‍ത്താവിനെ ലഭിച്ചാല്‍ അവ നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആലിന്‍ ചികല്‍സയിലിരുന്ന അമൃത ആശുപത്രിയില്‍ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ടുപേര്‍ക്കായി നല്‍കാനാണ് തീരുമാനം.

