പട്ന: വീണ്ടും ചര്‍ച്ചയായി ബിഹാറിന്റെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാവാനൊരുങ്ങുന്ന മൈഥിലി താക്കൂറിന്റെ വാക്കുകള്‍. താന്‍ ജയിച്ചാല്‍ അലി നഗര്‍ സീതാനഗര്‍ എന്ന പേരിലാക്കും എന്ന പ്രസ്താവന ഏറെ വിവാദമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഈ വാക്കുകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് മൈഥിലി. ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പരാമര്‍ശം.
മുസ്ലിം ഭൂരിപക്ഷമുള്ള അലിനഗറില്‍ ആദ്യമായി ബിജെപി വിജയിക്കുന്നത് മൈഥിലിയിലൂടെയാണ്. ദര്‍ഭംഗ ഏരിയ ഒഴിച്ച് നിര്‍ത്തിയാല്‍ ബ്രാഹ്‌മണ വിഭാഗവും യാദവ വിഭാഗവും പിന്നാക്ക വിഭാഗവും മുസ്ലിം വിഭാഗവും ഒരുപോലെ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് അലിനഗര്‍. 2008 മുതല്‍ മഹാഗഡ്ബന്ധന്റെ ശക്തികേന്ദ്രമായിരുന്നു അലിനഗര്‍.
അലിനഗറില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും, സ്‌കൂളുകളില്‍ പാഠ്യേതര പദ്ധതിയായി മിതില പെയിന്റിങ് സ്‌കൂളില്‍ പഠിപ്പിക്കും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും, തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ജോലി നല്‍കും തുടങ്ങിയവയാണ് മൈഥിലി മുന്നോട്ട് വച്ചിരുന്ന മറ്റു വാഗ്ധാനങ്ങള്‍. മറ്റുള്ളവരെപ്പോലെയോ മറ്റുള്ളവരേക്കാളോ വേഗതയില്‍ 25 വയസുള്ള ഒരു വനിതാ എംഎല്‍എയ്ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കണമെന്നാണ് ആഗ്രഹമെന്നും മൈഥിലി പറഞ്ഞു.