"അടിച്ചേൽപ്പിക്കുന്ന യുദ്ധവും സമാധാനവും ഇറാൻ അംഗീകരിക്കില്ല": ആയത്തുല്ലാ അലി ഖാംനഈ
തെഹ്റാൻ: അടിച്ചേൽപ്പിക്കുന്ന യുദ്ധമോ സമാധാനമോ ഇറാൻ അംഗീകരിക്കില്ലെന്ന് പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈ. യുദ്ധമായാലും സമാധാനമായാലും അടിച്ചേൽപ്പിക്കാനാണ് ശ്രമമെങ്കിൽ രണ്ടിനുമെതിരേ ഉറച്ചുനിൽക്കുമെന്ന് ഒരു ടെലിവിഷൻ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു."ആരുടെ അടിച്ചമർത്തലിനു മുന്നിലും ഈ രാജ്യം കീഴടങ്ങുകയില്ല" -ഖാംനഈ ആവർത്തിച്ചു.
"ഭീഷണിയുടെ ഭാഷയോട് നല്ല നിലയിലല്ല ഇറാൻ പ്രതിക്കാറുള്ളതെന്ന് ഇറാനെയും ഇറാൻ്റെ ചരിത്രത്തെയും അറിയുന്നവർക്ക് അറിയാം" എന്ന് ട്രംപിൻ്റെ പ്രസ്താവനയെ സൂചിപ്പിച്ചു കൊണ്ട് ഖാംനഈ പറഞ്ഞു.
"യുഎസ് സൈന്യത്തിൻ്റെ ഇറാനിലെ ഇടപെടൽ നിസ്സംശയമായും അപരിഹാര്യമായ പ്രത്യഘാതങ്ങളാണ് ക്ഷണിച്ചു വരുത്തുകയെന്ന് അമേരിക്കക്കാർ മനസ്സിലാക്കണ"മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ-ഇസ്രായേൽ സംഘർഷം ആറാം ദിവസത്തിലേക്ക് കടക്കുകയും അമേരിക്കയും യുദ്ധത്തിൽ പങ്കാളിയാവുമെന്ന സൂചനകൾ വന്നുതുടങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇറാനിലെ പരമോന്നത നേതാവ് രാഷ്ട്രത്തിൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യുഎസ് യുദ്ധത്തിൽ പങ്കെടുക്കുന്നതിൽ അമേരിക്കൻ ജനതയ്ക്കിടയിലും കോൺഗ്രസിലും ശക്തമായ എതിർപ്പുകൾ ഉയർന്നു വന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. യുദ്ധത്തിൽ യുഎസ് നേരിട്ട് പങ്കെടുക്കണമെന്ന് ഇസ്രായേൽ പക്ഷപാതികളിൽനിന്നുള്ള സമ്മർദ്ദവും ട്രംപിനു മേലുണ്ട്.