അഖ്ലാഖിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഹരജി കോടതി തള്ളി
ലഖ്‌നൗ: മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്ന ഹിന്ദുത്വ സംഘത്തിനെതിരായ കേസ് പിന്‍വലിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഹരജി കോടതി തള്ളി. ബീഫ് കൈവശം വച്ചെന്നാരോപിച്ച് യുപിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖി(52)നെ തല്ലിക്കൊന്ന കേസിലാണ് പ്രതികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന യുപി സര്‍ക്കാരിന്റെ ഹരജി കോടതി തള്ളിയത്. സിആര്‍പിസി സെക്ഷന്‍ 321 പ്രകാരം 15 പ്രതികള്‍ക്കെതിരായ കൊലക്കുറ്റം അടക്കമുള്ള കേസ് പിന്‍വലിക്കണമെന്ന അപേക്ഷയാണ് സൂരജ്പൂര്‍ അതിവേഗ കോടതി തള്ളിയത്.
അപേക്ഷയില്‍ യാതൊരു കഴമ്പും നിയമസാധുതയും ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ആവശ്യം അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, അപേക്ഷ തള്ളുകയായിരുന്നു. ഐപിസി 302(കൊലപാതകക്കുറ്റം) പ്രകാരമുള്ള ഒരു കേസ് പിന്‍വലിച്ചതായി നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ഈ മാസം 14ന് കോടതി ചോദിച്ചിരുന്നു. ഇല്ല എന്ന് വ്യക്തമാക്കിയ അഖ്‌ലാഖിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ യൂസഫ് സൈഫി, യോഗി സര്‍ക്കാരിന്റെ അപേക്ഷയെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍, ഗൗതം ബുദ്ധ നഗറിലെ അസിസ്റ്റന്റ് ജില്ലാ ഗവണ്‍മെന്റ് കൗണ്‍സല്‍ ഭാഗ് സിങ്ങാണ് കോടതിയില്‍ കേസ് പിന്‍വലിക്കല്‍ അപേക്ഷ സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരായ എല്ലാ കുറ്റങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. രാജ്യമാകെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍, പത്തു വര്‍ഷത്തിന് ശേഷം പ്രതികളെ രക്ഷപെടുത്താനായിരുന്നു ബിജെപി സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ഈ നീക്കം കോടതി തടഞ്ഞു.
പ്രതികളില്‍ ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണയും ഉള്‍പ്പെടുന്നു. പ്രതികള്‍ക്കെതിരേ ഐപിസി 302 (കൊലപാതകം), 307(കൊലപാതക ശ്രമം), 323(മനഃപൂര്‍വം പരിക്കേല്‍പ്പിക്കുക), 504(സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള മനഃപൂര്‍വമായ അപമാനം), 506(കുറ്റകരമായ ഭീഷണിപ്പെടുത്തല്‍)എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.
