എകെജി സെന്ററിനുനേരെ ബോംബെറിഞ്ഞ കേസ്: വിദേശത്തേക്ക് മുങ്ങിയ രണ്ടാംപ്രതി ഡൽഹിയിൽ പിടിയിൽ
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയില്‍. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അടുത്ത അനുയായിയായ സുഹൈല്‍ ഷാജഹാനെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. കേസിലെ മുഖ്യ ആസൂത്രകനാണ് സുഹൈല്‍. ആക്രമണത്തിന് പിന്നാലെ മുങ്ങിയ സുഹൈല്‍ കഴിഞ്ഞ കുറച്ചു കാലമായി വിദേശത്തായിരുന്നു. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ഇയാളെ ലുക്കൗട്ട് നോട്ടീസ് പ്രകാരം തടഞ്ഞുവെക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് സംഘം ഡല്‍ഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.
എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ രണ്ടുപേരെയായിരുന്നു അറസ്റ്റ് ചെയ്തത്. ബോംബ് എറിഞ്ഞ ജിതിന്‍ ഇയാള്‍ക്ക് സഹായം ഒരുക്കിയ ടി.നവ്യ എന്നിവരേയായിരുന്നു നേരത്തെ അറസ്റ്റ് ചെയ്തത്. രണ്ടുപേരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു.
സുഹൈല്‍ ഷാജഹാനാണ് ബോംബ് എകെജി സെന്ററിന് നേരെ എറിയാന്‍ ഇവരെ പ്രേരിപ്പിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കെ സുധാകരന്റെ ഏറ്റവും അടുത്ത ആളായിട്ടാണ് സുഹൈല്‍ അറിയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോകളടക്കം പുറത്തുവന്നിരുന്നു.
