ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ പ്രതികരണവുമായി എ കെ ബാലന്‍

Update: 2026-01-10 06:53 GMT

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ പ്രതികരണവുമായി എ കെ ബാലന്‍. ജമാഅത്ത് ഇസ്‌ലാമിയുടെ വക്കീല്‍ നോട്ടിസ് കിട്ടിയെന്നും മാപ്പ് പറയാന്‍ മനസില്ലെന്നുമാണ് എ കെ ബാലന്റെ പ്രതികരണം. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ഇതിന്റെ പേരില്‍ ജയിലില്‍ പോകണം എന്നാണ് വിധിയെങ്കില്‍ ജയിലില്‍ പോകുമെന്നും എകെ ബാലന്‍ പറഞ്ഞു.

എംപി, എംഎല്‍എ, മന്ത്രി എന്ന നിലയില്‍ ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍ ഒരു രൂപത്തിലുമുള്ള ആക്ഷേപം ഉണ്ടാക്കിയിട്ടില്ല. പൊതുജീവിതത്തില്‍ ഇന്നേവരെ മതനിരപേക്ഷതക്ക് എതിരായിട്ടോ, മത ന്യൂനപക്ഷ വിരുദ്ധ സമീപനമോ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, മത ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ടുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തുന്ന ഫാസിസ്റ്റ് വെല്ലുവിളിക്ക് എതിരായി ശബ്ദിക്കാന്‍ പറ്റുന്ന സ്ഥലങ്ങളിലെല്ലാം ശബ്ദിച്ചിട്ടുണ്ട്. ഇത് അവസാനം വരെയുണ്ടാകും. ഇതാണ് എന്റെ ചരിത്രം -ബാലന്‍ പറഞ്ഞു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമിയാകും അഭ്യന്തര വകുപ്പ് ഭരിക്കുകയെന്നും അത് മറ്റൊരു മാറാട് കലാപത്തിലേക്ക് നയിക്കുമെന്നുമായിരുന്നു ബാലന്‍ പറഞ്ഞത്. പ്രസ്താവന തിരുത്തണമെന്നും മാപ്പുപറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി ജമാഅത്ത് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.

Tags: