കണ്ണൂര്‍ സ്വദേശിനിയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അജ്മാന്‍ പോലിസ് കണ്ണൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു

Update: 2026-01-05 10:57 GMT

അജ്മാന്‍: യുഎഇയില്‍ ഔദ്യോഗിക ലൈസന്‍സോടെ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങും ബ്ലോഗിംഗും നടത്തുന്ന കണ്ണൂര്‍ മട്ടന്നൂര്‍ ആറളം സ്വദേശിനിയായ ഇന്‍ഫ്ളുവന്‍സറുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പ്രചരിപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ അജ്മാന്‍ പോലിസ് അറസ്റ്റ് ചെയ്തു.

ഷാര്‍ജയിലെ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയുടെ ചിത്രങ്ങളാണ് രണ്ട് മസാജ് സെന്ററുകളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള യുവതിയുടെ ദൃശ്യങ്ങള്‍ 'അവള്‍ മസാജിന് ലഭ്യമാണ്', 'വരുന്നവര്‍ക്ക് നല്ല റിലാക്സ് ആകും' എന്നിങ്ങനെ മസാജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള കുറിപ്പുകളോടൊപ്പമാണ് പ്രചരിപ്പിച്ചിരുന്നത്. തുടര്‍ന്ന്, യാബ് ലീഗല്‍ സര്‍വീസസുമായി

ചേര്‍ന്ന് നടത്തിയ നിയമനടപടിയാണ് അറസ്റ്റിലെത്തിച്ചത്. അജ്മാന്‍ പ്രോസിക്യൂഷന്‍ മുഖേന അജ്മാന്‍ പോലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Tags: