റംസാനില്‍ അജ്മാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച വര്‍ക്ക്ഫ്രം ഹോം; കുടുംബവര്‍ഷത്തിന്റെ ഭാഗമായി പുതിയ പദ്ധതി
ഷാര്‍ജ: റംസാന്‍ മാസത്തില്‍ അജ്മാന്‍ എമിറേറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ 'വര്‍ക്ക്ഫ്രം ഹോം' സൗകര്യം അനുവദിച്ചു. അജ്മാന്‍ മാനവവിഭവശേഷി വകുപ്പ് 'റംസാന്‍ അജ്മാന്‍ വിത്ത് ഫാമിലി' എന്ന പേരില്‍ പുതിയ പദ്ധതിക്ക് തുടക്കമിട്ടതായി അറിയിച്ചു.
സുപ്രിം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. റംസാന്‍ മാസത്തില്‍ ജീവനക്കാര്‍ക്ക് ജോലിയിലും കുടുംബജീവിതത്തിലും മെച്ചപ്പെട്ട സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രഖ്യാപിച്ച 'കുടുംബവര്‍ഷ'ത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. റംസാന്‍ കാലയളവില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുകയും സാമൂഹിക ഐക്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നതില്‍ പദ്ധതി സഹായകരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.