ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ കാണാന്‍ പോയത് വിവേകിന് ഇ ഡി നോട്ടിസ് കിട്ടിയതിനുപിന്നാലെ: വി ഡി സതീശന്‍
തിരുവനന്തപുരം: മകന് നോട്ടിസ് നല്‍കിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മുഖ്യമന്ത്രിയും എന്തുകൊണ്ട് രണ്ടു വര്‍ഷം മറച്ചുവെച്ചുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മകന് നോട്ടിസ് കിട്ടിയതിനുപിന്നാലെയാണ് ആര്‍എസ്എസ് നേതാവിനെ എഡിജിപി ആയിരുന്ന അജിത് കുമാര്‍ കാണാന്‍പോയതെന്നും വി ഡി സതീശന്‍ പറഞ്ഞു. എല്ലാം അറിഞ്ഞിട്ടുള്ള പരിപാടികളാണെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ പൂരം കലക്കിയെന്നും തൃശ്ശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സിപിഎം സഹായിച്ചെന്നുമുള്ള ആരോപണങ്ങള്‍ വന്നത് വെറുതെയല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിലെ യഥാര്‍ഥ വസ്തുത പുറത്തുവരണം. വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം. കേസില്‍ തുടര്‍നടപടികളുമായി എന്തുകൊണ്ട് മുമ്പോട്ട് പോയില്ലെന്ന കാര്യം ഇ ഡി തുറന്നുപറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ ജനങ്ങള്‍ക്ക് മനസിലായെന്നും എല്ലാം മറച്ചുവയ്ക്കാനുള്ള സര്‍ക്കാരിന്റെ നാടകങ്ങളാണ് ഇപ്പോള്‍ അടുത്തുവരെ ഉണ്ടായ സംഭവങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ടാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.