അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ എന്‍സിപിയില്‍ അധികാരക്രമീകരണം; ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനേത്ര പവാര്‍, ലയനനീക്കങ്ങള്‍ ശക്തം
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടായ അധികാര ശൂന്യത എത്രയും വേഗം നികത്താനുള്ള നീക്കങ്ങളുമായി എന്‍സിപി നേതൃത്വം രംഗത്തെത്തി. ഒഴിവുവന്ന ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അജിത് പവാറിന്റെ ഭാര്യയും നിലവിലെ രാജ്യസഭാംഗവുമായ സുനേത്ര പവാറിനെനിയമിക്കണമെന്ന അവശ്യമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. എന്‍സിപി മന്ത്രി നര്‍ഹാരി സിര്‍വാള്‍ ഇതുസംബന്ധിച്ച ആവശ്യം പരസ്യമായി മുന്നോട്ടുവച്ചു. അജിത് പവാറിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചിരുന്ന രണ്ട് എന്‍സിപി വിഭാഗങ്ങളുടെയും ലയനചര്‍ച്ചകള്‍ അന്തിമഘട്ടത്തിലായിരുന്നുവെന്നും, എന്നാല്‍ അവ പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് അദ്ദേഹത്തിന്റെ മരണമെന്നും സിര്‍വാള്‍ വ്യക്തമാക്കി.
'സംസ്ഥാനത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ ശക്തിയായി എന്‍സിപി വീണ്ടും ഉയര്‍ന്നു വരണമെങ്കില്‍ രണ്ടു വിഭാഗങ്ങളും ഒരുമിക്കേണ്ടത് അനിവാര്യമാണ്. ഇനി വേര്‍പിരിഞ്ഞു നില്‍ക്കാന്‍ സാധിക്കില്ല. അജിത് ദാദയുടെ സ്ഥാനത്തേക്ക് സുരേന്ദ്ര പവാര്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,' എന്നും സിര്‍വാള്‍ പറഞ്ഞു. അജിത് പവാറിന്റെ അടുത്ത അനുയായിയായ സിര്‍വാളിന് ശരദ് പവാറുമായും അടുത്ത ബന്ധമാണുള്ളത്. ഇതിനിടെ, സുനേത്ര പവാറിനെ രാജിവപ്പിച്ച് ബാരാമതി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനുള്ള നിര്‍ദേശവും പരിഗണനയിലുണ്ടെന്ന് എന്‍സിപി വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന്, അജിത് പവാറിന്റെ മൂത്തമകന്‍ പാര്‍ഥ് പവാറിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതിലൂടെ പാര്‍ട്ടിയെ ഒരുമിച്ച് നിര്‍ത്താനുള്ള ക്രമീകരണത്തോട് ഭൂരിഭാഗം നേതാക്കളും യോജിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്. ബിജെപിക്ക് ഇതില്‍ എതിര്‍പ്പില്ലെന്നും, അജിത് പവാറിന്റെ അഭാവത്തില്‍ എന്‍സിപിയിലെ രാഷ്ട്രീയ നിയന്ത്രണം ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ ബിജെപി നേതൃത്വം ആരംഭിച്ചതായും സൂചനയുണ്ട്.
ലയനചര്‍ച്ചകള്‍ സ്ഥിരീകരിച്ച് എന്‍സിപി (എസ്പി) വിഭാഗം നേതാക്കളും രംഗത്തെത്തി. കഴിഞ്ഞ ഡിസംബര്‍ 12നു ശരദ് പവാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് രണ്ടു എന്‍സിപി വിഭാഗങ്ങളും ഒന്നിക്കണമെന്ന ആഗ്രഹം അജിത് പവാര്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് എന്‍സിപി (എസ്പി) നേതാവ് അങ്കുഷ് കകഡെ പറഞ്ഞു. ഇരു വിഭാഗങ്ങളുടെയും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുന്‍ മന്ത്രി രാജേഷ് ടോപ്പെയും വ്യക്തമാക്കി. പൂനെ, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ സംയുക്ത മല്‍സരവും ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ എന്‍സിപിയുടെ ക്ലോക്ക് ചിഹ്നം ഉപയോഗിച്ചുള്ള മല്‍സരം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമനുസരിച്ച് ശരദ് പവാറും സുനേത്ര പവാറും ചേര്‍ന്ന് നേതൃത്വം വഹിച്ച് എന്‍സിപിയെ ഒന്നിപ്പിക്കണമെന്ന അഭിപ്രായവും ശക്തമാണ്. ലയനത്തിന് ശരദ് പവാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇതോടെ, ലയനം അധികം വൈകാതെ നടക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തല്‍. ലയനത്തിന് ശേഷം എന്‍സിപി എന്‍ഡിഎയ്‌ക്കൊപ്പം തുടരുമോ, ഇന്ത്യ സഖ്യത്തോടൊപ്പം നില്‍ക്കുമോ എന്നത് നിര്‍ണായക ചോദ്യമായി തുടരുകയാണ്.
ബുധനാഴ്ച രാവിലെ 8.45ഓടെയാണ് പൂനെ ജില്ലയിലെ ബാരാമതിയില്‍ അജിത് പവാര്‍ ഉള്‍പ്പെടെ ആറുപേര്‍ സഞ്ചരിച്ചിരുന്ന ചാര്‍ട്ടേഡ് വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു. അപകടകാരണം കണ്ടെത്തുന്നതിനായി എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെ വിശദമായി പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

