വലിയതുറ- ബീമാപള്ളി മേഖലയിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഫ്ളാറ്റ് നല്‍കുന്നതിലെ വിവേചനം ഒഴിവാക്കണം: അജയന്‍ വിതുര

Update: 2025-08-05 15:57 GMT

തിരുവനന്തപുരം: കടലാക്രമണത്തില്‍ വീടും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെട്ട വലിയതുറ-ബീമാപള്ളി സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കുന്നതില്‍ വിവേചനം പാടില്ലെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അജയന്‍ വിതുര ആവശ്യപ്പെട്ടു.

'പുനര്‍ഗേഹം' പദ്ധതിയുടെ ഭാഗമായി ഈ മാസം ഏഴിന് മുട്ടത്തറയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഫഌറ്റ് സമുച്ചയത്തില്‍ 332 പേര്‍ക്കാണ് ഫ്‌ളാറ്റ് നല്‍കുന്നത്. ഇതില്‍ ബീമാപള്ളി പ്രദേശത്തെ 741 അര്‍ഹരായ അപേക്ഷകളില്‍ വെറും 44 പേര്‍ക്കാണ് മാത്രമാണ് വീടുകള്‍ അനുവദിച്ചത്. ഒരു പ്രദേശത്തെ ഒരു വിഭാഗത്തിലെ ഭൂരിഭാഗം പേരെയും ഇത്തരത്തില്‍ അവഗണിക്കുന്നത് വിവേചനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യഘട്ട പുനരധിവാസ പദ്ധതിയിലാണ് ആദ്യം ബീമാപള്ളി പ്രദേശത്ത് 148 അപേക്ഷകര്‍ അവഗണിക്കപ്പെട്ടത്. അതേ സമയം മുട്ടത്തറയിലെ ഫഌറ്റുകള്‍ ഒരു വിഭാഗത്തിന് മാത്രം നല്‍കിയ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ അന്നത്തെ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നേരിട്ട് ബീമാപള്ളി മഹല്ല് ഓഫീസില്‍ എത്തി 'മറ്റൊരിടത്ത് വീട് നല്‍കും' എന്ന ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വെറും 20 പേര്‍ക്ക് മാത്രമാണ് അന്ന് വീട് ലഭിച്ചത്. അന്ന് വീട് ലഭിക്കാത്ത 128 പേര്‍ ഇന്നും കാത്തിരിക്കുകയാണ്. അതിനുശേഷം നടന്ന കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ 613 പുതിയ അപേക്ഷകളും കൂടി വന്നിട്ടും 44 പേര്‍ക്ക് മാത്രമാണ് ഫഌറ്റ് നല്‍കിയത്. മഹല്ല് കമ്മിറ്റിയും പ്രദേശവാസികളും പലതവണ മുഖ്യമന്ത്രിയെയും ഫിഷറീസ് മന്ത്രിയേയും കണ്ടിട്ടും ഒരു വിഭാഗത്തിനെ മാത്രം ഒഴിവാക്കിയത് വിവേചനമാണ്. അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും ഫഌറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അജയന്‍ വിതുര ആവശ്യപ്പെട്ടു.