വിദേശ മദ്യശാലകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല;മദ്യനയം പുന:പരിശോധിക്കണമെന്ന് എഐടിയുസി

കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും,പൂട്ടിയ കള്ള് ഷാപ്പുകള്‍ തൂറക്കണമെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു

Update: 2022-03-31 07:06 GMT

കോഴിക്കോട്:മദ്യനയം പുന:പരിശോധിക്കണമെന്ന് സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസി.വിദേശ മദ്യശാലകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും,പൂട്ടിയ കള്ള് ഷാപ്പുകള്‍ തൂറക്കണമെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു.

ബിനോയ് വിശ്വം എംപിയും രാജേന്ദ്രന് പിന്തുണയറിയിച്ചു.രാജേന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതുക്കിയ മദ്യനയത്തിന് അംഗീകാരം നല്‍കിയത്. ഇതോടെ മദ്യവില്‍പ്പനശാലകളുടെ എണ്ണം കൂട്ടും. ഐടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും. കാര്‍ഷികോല്‍പ്പനങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കും.നിലവിലുള്ള നിയമം അനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് ബ്രൂവറി ലൈസന്‍സ് അനുവദിക്കും. കള്ള് ചെത്ത് വ്യവസായ ബോര്‍ഡ് പ്രവര്‍ത്തന സജ്ജമാകാത്ത സാഹചര്യത്തില്‍ നിലവിലെ ലൈസന്‍സികള്‍ക്ക് ഷാപ്പ് നടത്താന്‍ അനുമതി നല്‍കും.

ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനും തീരുമാനമായി.വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകള്‍ വരും. മദ്യവില്‍പ്പനശാലകളിലെ തിരക്ക് കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ വില്‍പ്പനശാലകള്‍ തുറക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ പൂട്ടിപ്പോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളാക്കി പുനരാരംഭിക്കും. 170 വില്‍പ്പനശാലകള്‍ കൂടി വേണമെന്ന ആവശ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ മുന്നോട്ട് വച്ചിരുന്നത്. സ്ഥല സൗകര്യം അനുസരിച്ച് ആധുനിക സംവിധാനങ്ങളോടെ പുതിയ ഔട്‌ലെറ്റുകള്‍ തുറക്കും.

Tags:    

Similar News