'ഐഷ പോറ്റി വര്‍ഗവഞ്ചക, സ്ഥാനമാനങ്ങളിലുള്ള ആര്‍ത്തി'; മേഴ്‌സിക്കുട്ടിയമ്മ

Update: 2026-01-13 11:01 GMT

കൊല്ലം: കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പാര്‍ട്ടി എല്ലാം അവര്‍ക്ക് നല്‍കി. പാര്‍ട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവും അവര്‍ക്കില്ല. സ്ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നത് എന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഐഷാ പോറ്റി വര്‍ഗവഞ്ചകയാണെന്നും ഈ വഞ്ചനയെ നേരിടാനുള്ള കരുത്ത് കൊല്ലത്തെ പാര്‍ട്ടിക്കുണ്ടെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

'ഐഷ പോറ്റിക്ക് പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകാനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും കൊല്ലത്ത് ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടെന്ന് കരുതുന്നുമില്ല. ദീര്‍ഘകാലമായി പാര്‍ട്ടി എല്ലാവിധ അംഗീകാരങ്ങളും നല്‍കി ചേര്‍ത്തുപിടിച്ച്, വളര്‍ത്തിയ ആളാണ് ഐഷ പോറ്റി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് തവണ എംഎല്‍എ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം, മഹിളാ അസോസിയേഷന്റെ എക്സിക്യുട്ടീവ് തുടങ്ങി എല്ലാ സ്ഥാനങ്ങളും കൊല്ലത്തെ പാര്‍ട്ടി ഐഷ പോറ്റിക്ക് നല്‍കിയതാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

'ഇപ്പോള്‍ പൊടുന്നനെ ഇങ്ങനെ ഒരു തീരുമാനം എടുത്ത് പാര്‍ട്ടി മാറിയതിന് ഒരു ന്യായവും ഇല്ല. എന്റെ മാറ്റത്തിനെ സഖാക്കള്‍ 'വര്‍ഗ വഞ്ചന' എന്ന് പറയുമായിരിക്കും എന്ന് ഐഷ പോറ്റി പറയുന്നതായി ഞാന്‍ കേട്ടു. അപ്പോള്‍ വര്‍ഗ വഞ്ചനയാണ് കാട്ടിയതെന്ന് ഐഷ പോറ്റിക്ക് അറിയാം. എല്ലാ മനുഷ്യര്‍ക്കും ഒപ്പം നില്‍ക്കാന്‍ പാര്‍ട്ടി വിടുന്നു എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ എങ്ങനെയാണ് യുഡിഎഫില്‍ പോകുകയെന്നും അവര്‍ എപ്പോഴാണ് മനുഷ്യര്‍ക്കൊപ്പം നിന്നതെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.

'ഏതു പ്രശ്നത്തിനാണ് കോണ്‍ഗ്രസ് ഇതുവരേയും സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പം നിന്നിട്ടുള്ളത്. എനിക്ക് ഒരു സ്ഥാനമാനവും വേണ്ട എന്നും ഐഷ പോറ്റി പറയുന്നതായി കേട്ടു, അതിനോടൊപ്പം തന്നെ കൊട്ടാരക്കാരയില്‍ മല്‍സരിക്കുമെന്നും പറയുന്നു. അപ്പോള്‍ അത് സ്ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തി തന്നെയല്ലേ. സ്ഥാനമാനങ്ങള്‍ക്കുള്ള ആര്‍ത്തി ഒരു മനുഷ്യനെ എങ്ങനെ വഷളാക്കും എന്നതിന്റെ ഉദാഹരണമാണ് ഐഷ പോറ്റി. അതിനപ്പുറം ഞാന്‍ ഒന്നും പറയുന്നില്ല.' മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

'ഐഷ പോറ്റിയെ പറ്റി ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. വളരെ നല്ല സൗഹൃദം പുലര്‍ത്തിയിരുന്നു ഞങ്ങളെല്ലാവരും. ഐഷ പോറ്റിയുടെ ഭാഷയില്‍തന്നെ പറഞ്ഞാല്‍, വര്‍ഗ വഞ്ചന തന്നെയാണ് അവര്‍ കാട്ടിയിരിക്കുന്നത്. രാജ്യത്തെ ഏക ബദലാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍, ആ ബദലിന് എതിരേ നില്‍ക്കുന്ന ഏതൊരു നീക്കവും തൊഴിലാളികളോടും കൃഷിക്കാരോടും നാടിനോടുമുള്ള വഞ്ചനയാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.' മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

അതേസമയം, ഇന്ന് ഉച്ചയോടെയാണ് ഐഷ പോറ്റി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ സമര വേദിയില്‍ എത്തിയാണ് അവര്‍ പാര്‍ട്ടിയിലേക്ക് മാറിയ കാര്യം പ്രഖ്യാപിച്ചത്. ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഷാള്‍ നല്‍കി സ്വീകരിച്ചു. കെ സി വേണുഗോപാല്‍ അംഗത്വം നല്‍കി. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും മൂന്നു തവണ എംഎല്‍എയുമായിരുന്നു ഐഷ പോറ്റി. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സിപിഎം ബന്ധമാണ് ഐഷ പോറ്റി ഇന്ന് അവസാനിപ്പിച്ചത്.

സിപിഎം പാര്‍ട്ടി സന്തോഷം നല്‍കിയത് പോലെ ദുഖവും നല്‍കിയെന്ന് ഐഷ പോറ്റി പറഞ്ഞു. സൈബര്‍ ആക്രമണം ഉണ്ടായേക്കും. എന്നാല്‍ ആക്രമണങ്ങളെ ഭയക്കുന്നില്ല. ആക്രമണങ്ങള്‍ കൂടുതല്‍ ശക്തയാക്കും. വര്‍ഗ വഞ്ചകി എന്ന് വിളിക്കപ്പെട്ടേക്കാം എന്നും ഐഷ പോറ്റി പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി സിപിഎം നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു ഐഷ പോറ്റി. പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനിന്നിരുന്നു. പാര്‍ട്ടി ചുമതലകളില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങിയിരിക്കെയാണ് പുതിയ പാര്‍ട്ടിയിലേക്കുള്ള പ്രവേശനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് നിഷേധിച്ചതും പിന്നാലെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും ഇവരെ സിപിഎം തഴഞ്ഞു. പാര്‍ട്ടിയില്‍ നിന്നും ഒറ്റപ്പെട്ടതോടെയാണ് ഐഷ പോറ്റി പാര്‍ട്ടി വിടുന്നതിലേക്ക് എത്തിച്ചത്.