എസ്എഫ്ഐ നേതാവ് പി എം ആര്‍ഷോക്കെതിരേ ജാതിയധിക്ഷേപത്തില്‍ പരാതി നല്‍കിയ എഐഎസ്എഫ് നേതാവ് നിമിഷ രാജു തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

നിമിഷയുടെ പരാതി വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ എഐഎസ്എഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

Update: 2025-11-16 16:42 GMT

എറണാകുളം: എസ്എഫ്ഐ നേതാവ് പി എം ആര്‍ഷോക്കെതിരേ ലൈംഗികാതിക്രമത്തിനും ജാതിയധിക്ഷേപത്തിനും പരാതി നല്‍കിയ എഐഎസ്എഫ് നേതാവ് നിമിഷ രാജു തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. പറവൂര്‍ ബ്ലോക്കില്‍ കെടാമംഗലം ഡിവിഷനില്‍ നിന്നാണ് നിമിഷ രാജു ജനവിധി തേടുക. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. നിലവില്‍ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് നിമിഷ രാജു. എംജി സര്‍വകലാശാലയില്‍ 2021 ഒക്ടോബറില്‍ സെനറ്റ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് എസ്എഫ്ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആര്‍ഷോ സംഘര്‍ഷത്തിനിടെ തന്നെ ജാതിപ്പേരു വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സ്ത്രീത്വത്തെ അവഹേളിച്ചെന്നും ചൂണ്ടിക്കാട്ടി നിമിഷ രാജു അന്ന് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ ഗാന്ധിനഗര്‍ പോലിസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്നും സാക്ഷികളുടെ മൊഴിയെടുത്തില്ലെന്നും സംഘര്‍ഷ സമയത്ത് സ്ഥലത്തില്ലാതിരുന്നവരെ സാക്ഷിപ്പട്ടികയില്‍ ചേര്‍ത്തെന്നുമായിരുന്നു നിമിഷയുടെ പരാതി.

നിമിഷയുടെ പരാതി വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ എഐഎസ്എഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എ എ സഹദ്, അസ്ലഫ് പാറേക്കാടന്‍ എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. വനിതാ നേതാവിന്റെ വ്യക്തിവിരോധത്തിന്റെ ബാക്കിപത്രമായിരുന്നു ആരോപണമെന്നാണ് സഹദ് ഫേസ്ബുക്കില്‍ കുറിച്ചത്. വനിതാ നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് ആ സംഭവത്തിനു ശേഷം നടന്ന എഐഎസ്എഫ് സംസ്ഥാന കൗണ്‍സില്‍ മീറ്റിങ്ങില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍ റിപോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ സംഘടന ഈ സത്യം എഐഎസ്എഫ്/എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കിടയിലേക്കു പോലും കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ഇതില്‍ പ്രതിഷേധിച്ചാണ് താന്‍ പിന്നീട് സംഘടനയുടെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് രാജിവെച്ചതെന്നും എ എ സഹദ് പറഞ്ഞു.

എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയാകാനുള്ള മനക്കോട്ട കെട്ടിക്കൊണ്ടായിരുന്നു അന്ന് വനിതാ സഖാവ് ആര്‍ഷോക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നായിരുന്നു അസ്ലഫ് പാറേക്കാടന്‍ പറഞ്ഞത്. 'എഐഎസ്എഫ് സംസ്ഥാന സമ്മേളനം അടുത്തു നില്‍ക്കുന്ന സമയത്താണ് എംജി യൂണിവേഴ്സിറ്റിയില്‍ സഹദിന് മര്‍ദനമേല്‍ക്കുന്നത്. അതറിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചെന്നപ്പോള്‍ ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ വ്യാജ ജാതി അധിക്ഷേപ വാര്‍ത്ത കൊടുത്ത് ആടിതിമിര്‍ക്കുന്ന വനിതാ സഖാവിനെയാണ് കണ്ടത്. അടി കൊണ്ടു കിടക്കുന്ന സഖാക്കളെ തിരിഞ്ഞു നോക്കാതെ കിട്ടുന്ന പബ്ലിസിറ്റി മുഴുവന്‍ മുതലാക്കി, അടുത്ത സംസ്ഥാന സമ്മേളനത്തില്‍ എഐഎസ്എഫ് സംസ്ഥാന ഭാരവാഹിയാകാനുള്ള മനക്കോട്ട കെട്ടിക്കൊണ്ടായിരുന്നു അന്ന് വനിതാ സഖാവ് പിഎം ആര്‍ഷോക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇന്നേവരെ ഒരു സമരത്തില്‍ മര്‍ദനമേല്‍ക്കുകയോ കേസില്‍ പ്രതിയാകുകയോ എതിരാളികളുടെ മര്‍ദനമേല്‍ക്കുകയോ ചെയ്യാത്ത ഈ സഖാവിന്റെ വ്യാജ ആരോപണങ്ങള്‍, പാര്‍ട്ടിക്കകത്തും മുന്നണിയിലും വലിയ ചര്‍ച്ചയായി' അസ്ലഫ് പാറേക്കാടന്‍ പറഞ്ഞിരുന്നു.