ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു
ആനന്ദ് വിഹാറില്‍ 409 പോയിന്റ് രേഖപ്പെടുത്തി
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ പൊറുതിമുട്ടി ന്യൂഡല്‍ഹി. ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത് 409 പോയിന്റ്. ദീപാവലിക്ക് നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാകാനിടയാക്കിയത്. മലിനീകരണം കുറയ്ക്കാന്‍ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം മലിനീകരണം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗികള്‍ വീട്ടില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലിനീകരണം കുറഞ്ഞ 'ഹരിത പടക്കങ്ങള്‍' ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ദീപാവലിക്ക് പലരും പാലിക്കപ്പെട്ടില്ല. കര്‍ശന നിയന്ത്രണങ്ങളുണ്ടെങ്കിലും പടക്ക വിപണികളെല്ലാം സജീവമായിരുന്നു. ഏറു പടക്കങ്ങള്‍ മുതല്‍ വിദേശനിര്‍മ്മിത വെറൈറ്റികളും സുലഭമായി വിറ്റിരുന്നു. കച്ചവടക്കാര്‍ക്കുവേണ്ടി ഉദ്യോഗസ്ഥര്‍ വില്‍പ്പന കണ്ടില്ലെന്ന് നടിക്കുന്നത് ന്യൂഡല്‍ഹിയുടെ അന്തരീക്ഷത്തെ കൂടുതല്‍ മലിനമാക്കിയെന്നാണ് വിമര്‍ശനം. എല്ലാ വര്‍ഷവും ദീപാവലിക്ക് മുമ്പും ശേഷവും ന്യൂഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്.
