ഡല്‍ഹിയില്‍ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍; എത്യോപ്യന്‍ അഗ്നിപര്‍വത ചാരമേഘങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു

Update: 2025-11-25 07:51 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്നും വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തില്‍ തുടരുന്നു. എത്യോപയിലെ അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് രൂപപ്പെട്ട ചാരമേഘങ്ങള്‍ ഡല്‍ഹിയിലേക്കെത്തിയതോടെ മലിനീകരണ നില കൂടുതല്‍ ആശങ്ക ഉയര്‍ത്തി. നഗരത്തില്‍ കനത്ത മൂടല്‍മഞ്ഞുപോലുള്ള സാഹചര്യം അനുഭവപ്പെട്ടു. എത്യോപയിലെ അഫാര്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വതമാണ് ഇന്നലെ പൊട്ടിത്തെറിച്ചത്. ഇതോടെ ഏകദേശം 14 കിലോമീറ്റര്ഉയരത്തില്‍ പുക, ചാരകണങ്ങള്‍ വ്യാപിച്ചു. ചാരമേഘങ്ങള്‍ ചൈനയിലേക്കാണ് നീങ്ങുന്നതെന്നും ഇന്ന് വൈകുന്നേരത്തോടെ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി അകലുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഗുജറാത്ത്, ഡല്‍ഹി-എന്‍സിആര്‍, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ചാരമേഘങ്ങള്‍ രേഖപ്പെടുത്തിയത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട വായു ഗുണനിലവാര ബുള്ളറ്റിന്‍ പ്രകാരം, ഇന്ന് ഡല്‍ഹിയുടെ എക്യുഐ 360 എന്ന 'വളരെ മോശം' വിഭാഗത്തില്‍ നിലനില്‍ക്കുകയാണ്. ഇന്നലെ ഇത് 382 ആയിരുന്നു. സിപിസിബിയുടെ സമീര്‍ ആപ്പ് പ്രകാരം രോഹിണി നിരീക്ഷണകേന്ദ്രത്തില്‍ വായു ഗുണനിലവാരം 416 ആയി രേഖപ്പെടുത്തി, ഇത് 'ഗുരുതരം' വിഭാഗത്തില്‍പ്പെടുന്നതാണ്. അടുത്ത ദിവസങ്ങളിലും 'വളരെ മോശം' വിഭാഗത്തിലുള്ള വായു ഗുണനിലവാരം തുടരുമെന്ന് വിലയിരുത്തുന്നു. 0-50 'നല്ലത്', 51-100 'തൃപ്തികരം', 101-200 'മിതമായത്', 201-300 'മോശം', 301-400 'വളരെ മോശം', 401-500 'ഗുരുതരം' എന്നിങ്ങനെയാണ് സിപിസിബിയുടെ എക്യുഐ കണക്കാക്കുന്നത്.

 നഗരത്തിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു, സീസണിലെ ശരാശരിയേക്കാള്‍ 2.3 ഡിഗ്രി താഴെയാണ് ഇത്. പരമാവധി താപനില 27 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണു പ്രവചനം. മൂടല്‍മഞ്ഞ് തുടരാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags: