വായുമലിനീകരണം; ഇന്ത്യാഗേറ്റില്‍ വന്‍ പ്രതിഷേധം

സമൂഹമാധ്യമ കൂട്ടായ്മകള്‍ ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്

Update: 2025-11-09 13:42 GMT

ന്യൂഡല്‍ഹി: വായുമലിനീകരണം അതിരൂക്ഷമായ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം. സമൂഹമാധ്യമ കൂട്ടായ്മകള്‍ ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യാഗേറ്റില്‍ വന്‍ പോലിസ് സന്നാഹം. ഇന്ത്യാഗേറ്റിന്റെ പ്രധാനഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചു. ചെറിയ കുട്ടികളും വയോധികരുമടങ്ങുന്ന കുടുംബങ്ങള്‍ എത്തിച്ചേരുന്നതിനാല്‍ വലിയ പോലിസ് സന്നാഹങ്ങള്‍ ഒരുക്കി. പ്രതിഷേധിക്കണമെങ്കില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ജന്ദര്‍മന്ദറില്‍ പോകണമെന്നാണ് പ്രതിഷേധക്കാരോടുള്ള പോലിസിന്റെ നിലപാട്.

പോലിസിന്റെ പ്രതിരോധം മറികടന്നുകൊണ്ട് നിരവധിപേരാണ് ഇന്ത്യാഗേറ്റിനു മുന്‍പില്‍ തടിച്ചുകൂടിയത്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ വായുമലിനീകരണം ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കാറുള്ളത്. മലിനമായ വായു ശ്വസിച്ചുകൊണ്ട് നിരവധിയാളുകള്‍ മരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിനൊരു പരിഹാരം കാണണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സമരത്തിനെത്തിയവരില്‍ കൂടുതലും യുവാക്കളാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഡല്‍ഹിയുടെ വിവിധ മേഖലകളിലുള്ളവര്‍ പ്രതിഷേധത്തിനായി ഒരുമിച്ചുകൂടിയത്.