ഡല്‍ഹിയില്‍ പുകമഞ്ഞും കടുത്ത വായു മലിനീകരണവും; മുന്നറിയിപ്പുമായി വിമാന കമ്പനികള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായ പുകമഞ്ഞും കുറഞ്ഞ ദൃശ്യപരിധിയും തുടരുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍ ഇന്ത്യ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
അതേസമയം, വായു മലിനീകരണം വീണ്ടും രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ജിആര്‍എപി) നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കി. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളില്‍ ഒന്‍പതാം ക്ലാസ് വരെ ഹൈബ്രിഡ് പഠനരീതി നടപ്പാക്കാന്‍ ഉത്തരവിട്ടു.
ഇന്ന് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 460 ആണ്. ഇത് ഗുരുതര വിഭാഗത്തില്‍പ്പെടുന്നതും ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മലിനീകരണ നിരക്കുമായാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ വായു മലിനീകരണ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി ഇന്ന് ലോക്‌സഭയില്‍ നോട്ടിസ് നല്‍കുമെന്ന് അറിയിച്ചു.