ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായു ഗുണനിലവാരം തുടര്‍ച്ചയായി അപകടകരമായ നിലയില്‍ തുടരുകയാണ്. ഇന്ന് രാവിലെ ഏഴു മണിവരെ നഗരം രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക (എക്യുഐ) 337 ആയിരുന്നു. ഇത് 'അതീവ ഗുരുതര' വിഭാഗത്തിലാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) അറിയിച്ചു. നിലവില്‍ രണ്ടാംഘട്ട മലിനീകരണ മുന്നറിയിപ്പാണ് ഡല്‍ഹിയില്‍ പ്രാബല്യത്തിലുള്ളത്.
അതോടൊപ്പം, തലസ്ഥാനത്ത് താപനിലയും ദിനംപ്രതി കുറഞ്ഞുവരികയാണ്. അടുത്ത ദിവസങ്ങളില്‍ തണുപ്പ് കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നു ദിവസത്തിനകം താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസിന് സമീപമാകാനുള്ള സാധ്യതയുമുണ്ട്. ശീതതരംഗ സാഹചര്യം ഒഴിവാക്കാനാവില്ലെന്നും മുന്നറിയിപ്പുണ്ട്. നഗരത്തിലെ പല നിരീക്ഷണ കേന്ദ്രങ്ങളിലും ഗുരുതരമായ മലിനീകരണ നില തുടരുകയാണ്. ആര്‍കെ പുരം (420), രോഹിണി (417), വിവേക് വിഹാര്‍ (415), ബവാന (408), വസീര്‍പൂര്‍ (406), ആനന്ദ് വിഹാര്‍ (405), അശോക് വിഹാര്‍ (403), സോണിയ വിഹാര്‍ (400) എന്നിവിടങ്ങളിലെ എക്യുഐ 'തീവ്ര' വിഭാഗത്തിലാണ്.
ഡല്‍ഹിയിലെ വായു മലിനീകരണം വീണ്ടും പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാകുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.