വായുമലിനീകരണം: ഡല്‍ഹിയില്‍ 50 ശതമാനം വര്‍ക്ക് ഫ്രം ഹോം വേണമെന്ന് ഉത്തരവ്
ന്യൂഡല്‍ഹി: വായുമലിനീകരണം പരിധികളെല്ലാം കടന്നതോടെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും 50 ശതമാനം വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ദേശം ലംഘിക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും മോശം വായുനില ഡിസംബര്‍ 15 ന് രാവിലെ 498 എക്യുഐ 'സിവിയര്‍ പ്ലസ്' വിഭാഗത്തില്‍ രേഖപ്പെടുത്തി.
നോയിഡ, ഗുര്‍ഗോണ്‍, ഫരീദാബാദ് എന്നിവ ഉള്‍പ്പെടെ നാഷണല്‍ കാപ്പിറ്റല്‍ റീജിയണ്‍ മുഴുവന്‍ നിര്‍ബന്ധമായും നടപ്പാക്കേണ്ട അഞ്ചിന പ്രവര്‍ത്തന പദ്ധതിയും സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി, ബിഎസ്-VI മാനദണ്ഡങ്ങള്‍ക്ക് താഴെയുള്ള ഡല്‍ഹിക്ക് പുറത്തുള്ള വാഹനങ്ങളുടെ പ്രവേശനം ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. കൂടാതെ, പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ (PUC) സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിഷേധിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 6 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് ഫിസിക്കല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ സംയോജിപ്പിച്ച് നടത്തുന്ന ഹൈബ്രിഡ് മോഡ് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.