എന്‍ജിന്‍ തകരാര്‍; ഷാനനില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് പ്രത്യേക സര്‍വീസ് ഒരുക്കി എയര്‍ ഇന്ത്യ

Update: 2026-03-18 11:09 GMT

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് അയര്‍ലന്‍ഡിലെ ഷാനന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക വിമാനം അയച്ചു. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എഐ131 വിമാനമാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഷാനനില്‍ അടിയന്തരമായി ഇറക്കിയത്.

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. പ്രശ്‌നം നേരിട്ട യാത്രക്കാരെ ലണ്ടനിലേക്ക് എത്തിക്കുന്നതിനായി മുംബൈയില്‍ നിന്ന് മറ്റൊരു വിമാനം ഇതിനകം പുറപ്പെട്ടിട്ടുണ്ട്. പുതിയ വിമാനം നാളെ പുലര്‍ച്ചെയോടെ ഷാനനില്‍ നിന്ന് യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ഇതിനിടെ യാത്രക്കാര്‍ക്ക് ആവശ്യമായ താമസസൗകര്യവും ഭക്ഷണവും വിമാനത്താവളത്തിന് സമീപം ഒരുക്കിയിട്ടുണ്ട്.

എന്‍ജിന്‍ തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്. അപ്രതീക്ഷിതമായ ഈ സാങ്കേതിക പ്രശ്‌നം മൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം രേഖപ്പെടുത്തി.

Tags: