കനത്ത പുകമഞ്ഞ്; ഡല്‍ഹി-തിരുവനന്തപുരം എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കി; യാത്രക്കാര്‍ പ്രതിസന്ധിയില്‍

Update: 2025-12-19 05:19 GMT

ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. ദൃശ്യപരത അതീവമായി കുറഞ്ഞ സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവച്ചത്. വിമാന റദ്ദാക്കലിന് പിന്നാലെ ബദല്‍ സംവിധാനം ഒരുക്കാത്തതില്‍ എയര്‍ ഇന്ത്യക്കെതിരേ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തി. സ്വന്തം ചെലവില്‍ യാത്ര ക്രമീകരിക്കണമെന്ന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയത്. റദ്ദാക്കിയ ടിക്കറ്റുകളുടെ റീഫണ്ട് ഏഴു ദിവസത്തിനകം നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹി വഴി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായി. പുകമഞ്ഞ് രൂക്ഷമായതോടെ ഡല്‍ഹി വിമാനത്താവളത്തിലെ ദൃശ്യപരത പൂജ്യത്തിന് സമീപമെത്തി. ഇതേ തുടര്‍ന്ന് നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു. കനത്ത മൂടല്‍മഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തലസ്ഥാനത്ത് വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിലാണ്. ഇന്നത്തെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 382 ആയി രേഖപ്പെടുത്തി.

ഇതിനിടെ, വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കി. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് (പിയുസി) ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം വിതരണം ചെയ്യില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, ഡല്‍ഹിക്ക് പുറത്തുനിന്നുള്ള ഭാരത് സ്‌റ്റേജ് ആറിന് താഴെയുള്ള വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനായി അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പ്രധാന റോഡുകളിലും പ്രത്യേക ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Tags: