പാക് വ്യോമപാത അടച്ചതോടെ ചെലവ് വര്‍ധിച്ചു; ചൈനയുടെ സൈനിക വ്യോമപാത തുറക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ തേടി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകളുടെ പ്രവര്‍ത്തനച്ചെലവ് ഉയര്‍ന്നതോടെ ചൈനയുടെ സൈനിക വ്യോമപാത ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി എയര്‍ ഇന്ത്യ. ചൈനയുടെ ഷിന്‍ജിയാങ് മേഖലയിലെ നിയന്ത്രിത വ്യോമപാത ഉപയോഗിക്കാന്‍ അനുമതിക്കായി ഇടപെടണമെന്നാണ് ആവശ്യം. പാക് വ്യോമപാത തുറക്കുന്നതുവരെ താല്‍ക്കാലിക സബ്‌സിഡി നല്‍കുന്നത് പരിഗണിക്കണമെന്നും എയര്‍ ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചൈനയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
തന്ത്രപ്രധാനവും സുരക്ഷാ വെല്ലുവിളികളും നിറഞ്ഞ പ്രദേശമായ ഷിന്‍ജിയാങ് മേഖല ചൈനീസ് സൈനികരുടെ പൂര്‍ണ നിയന്ത്രണത്തിലാണെങ്കിലും, ഈ വ്യോമാര്‍ഗം തുറക്കുമോയെന്ന് വ്യക്തമല്ല. ഉയര്‍ന്ന പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട ഈ മേഖല സുരക്ഷാ കാരണങ്ങളാല്‍ പല അന്താരാഷ്ട്ര എയര്‍ലൈന്‍സുകളും ഒഴിവാക്കാറുണ്ട്.
ഏപ്രില്‍ 24നാണ് പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്താന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചത്. തുടര്‍ന്ന് ഇന്ത്യയും പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപാത അടച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ അമേരിക്കയും യൂറോപ്പും ലക്ഷ്യമാക്കി നടത്തുന്ന സര്‍വീസുകള്‍ക്ക് ദൂരവും ചെലവും ഏറെ വര്‍ധിച്ചിരിക്കുകയാണ്.
