ന്യൂഡൽഹി: ഇന്ധനവിലയിൽ ഉണ്ടായ വർധനവിനെ തുടർന്ന് എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തരവും അന്തർദേശീയവുമായ വിമാന സർവീസുകളിൽ ഇന്ധന സർചാർജ്ജ് പുതുക്കി. മിക്ക റൂട്ടുകളിലും പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ റൂട്ടുകളിൽ പുതുക്കിയ സർചാർജ് ഏപ്രിൽ 10 മുതലായിരിക്കും പ്രാബല്യത്തിൽ വരിക.
പുതുതായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്കാണ് വർധിപ്പിച്ച സർചാർജ് ബാധകമാകുക. ഇന്ധനവിലയിലെ മാറ്റങ്ങൾ അനുസരിച്ചാണ് സർചാർജിൽ ക്രമീകരണം നടത്തിയതെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
ആഭ്യന്തര യാത്രകളിൽ ദൂരം അനുസരിച്ച് പുതുക്കിയ സർചാർജ് ഈ വിധത്തിലാണ്: 500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ₹299, 501 മുതൽ 1,000 കിലോമീറ്റർ വരെ ₹399, 1001 മുതൽ 1500 കിലോമീറ്റർ വരെ ₹549, 1,501 മുതൽ 2,000 കിലോമീറ്റർ വരെ ₹749, 2,000 കിലോമീറ്ററിന് മുകളിൽ ₹899 എന്നിങ്ങനെയാണ് നിരക്കുകൾ.
അന്തർദേശീയ സർവീസുകളിലും റൂട്ടുകൾ അനുസരിച്ച് അധിക സർചാർജ് ഈടാക്കും. പുതിയ നിരക്കുകൾ പുതിയ ബുക്കിംഗുകൾക്കു മാത്രമാണ് ബാധകമാകുന്നത്.