''ടോയ്‌ലറ്റിലെ പൈപ്പുകളില്‍ പുതപ്പും പ്ലാസ്റ്റിക് കവറും''; വിമാനം തിരിച്ച് ഇറക്കിയതിന്റെ കാരണം വിശദീകരിച്ച് എയര്‍ ഇന്ത്യ
ഷിക്കാഗോ: യുഎസിലെ ഷിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കിയതിന്റെ കാരണം വിശദീകരിച്ച് എയര്‍ ഇന്ത്യ. യാത്രക്കാര്‍ തുണിയും കവറുകളും പുതപ്പുകളുമെല്ലാം കുത്തിക്കയറ്റിയത് മൂലം വിമാനത്തിലെ 12 ടോയ്‌ലറ്റുകളില്‍ 11ഉം തകരാറിലായെന്നും അതിനാലാണ് പത്ത് മണിക്കൂര്‍ സമയം പറന്ന വിമാനം തിരികെ ഇറക്കിയതെന്നും എയര്‍ഇന്ത്യ അറിയിച്ചു. രാത്രി നിയന്ത്രണമുള്ളതിനാലാണ് മറ്റ് ഇടത്താവളങ്ങളില്‍ ഇറക്കാതെ ഷിക്കാഗോയില്‍ തന്നെ വിമാനം തിരിച്ചിറക്കിയത്.
ടോയ്‌ലറ്റില്‍ നിന്ന് പോവുന്ന പൈപ്പുകളിലെല്ലാം പോളിത്തീന്‍ കവര്‍, വലിയ തുണി, പുതപ്പ് മുതലായ അജൈവ വസ്തുക്കള്‍ കുടുങ്ങി കിടന്നതാണ് ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനരഹിതമാവാനുള്ള കാരണം. ഇത്രയധികം മാലിന്യം കുടുങ്ങിയതിനാല്‍ ശുചിമുറികള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നയിച്ചു. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിവയിലായി 340 സീറ്റുകളാണ് ഈ വിമാനത്തിലുള്ളത്. മാര്‍ച്ച് ആറിന് സംഭവമുണ്ടായത്.