എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് സര്‍വീസുകള്‍ വെട്ടിക്കുറച്ചു; കേരളത്തിന് പ്രതിമാസം 56,000 സീറ്റുകള്‍ നഷ്ടമാകും
കൊണ്ടോട്ടി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലെ നാലു അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുകയും നിര്‍ത്തലാക്കുകയും ചെയ്തതോടെ പ്രവാസികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഒക്ടോബര്‍ 26നു ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിലാണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
ഈ നടപടിയിലൂടെ സംസ്ഥാനത്തിന് ഒരു മാസം ശരാശരി 56,000ത്തോളം സീറ്റുകളാണ് നഷ്ടമാകുന്നത്. ആഴ്ചയില്‍ 75 സര്‍വീസുകളും മാസത്തില്‍ മുന്നൂറിലധികം സര്‍വീസുകളുമാണ് ഇല്ലാതാകുന്നത്. കരിപ്പൂരില്‍നിന്നും കണ്ണൂരില്‍നിന്നുമുള്ള കുവൈത്ത് വിമാനങ്ങള്‍ ഇതിനകം നിര്‍ത്തി. കൊച്ചിയില്‍നിന്നുള്ള സലാല, റിയാദ് സര്‍വീസുകളും, കണ്ണൂരില്‍നിന്നുള്ള ബഹ്റൈന്‍, ജിദ്ദ, ദമാം സര്‍വീസുകളും, തിരുവനന്തപുരത്തുനിന്നുള്ള ദുബയ്, അബുദാബി സര്‍വീസുകളും ഒഴിവാക്കുന്ന പട്ടികയിലുണ്ട്. കോഴിക്കോട്ടുനിന്ന് ദമാം, ഷാര്‍ജ, റാസല്‍ഖൈമ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ചപ്പോള്‍, കൊച്ചിയില്‍നിന്നുള്ള അബുദാബി, ബഹ്റൈന്‍, ദുബയ് സര്‍വീസുകളും കുറച്ചു. തിരുവനന്തപുരത്തുനിന്നുള്ള മസ്‌കറ്റ്, ദോഹ സര്‍വീസുകളുടെ എണ്ണത്തിലും കുറവുണ്ടായി.
പുതിയ ഷെഡ്യൂള്‍ പ്രകാരം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പിന്മാറ്റം ഏറ്റവും അധികം ബാധിക്കുന്നത് കണ്ണൂര്‍ വിമാനത്താവളത്തെയാണ്. ഇവിടെനിന്ന് മടക്കസര്‍വീസുകളടക്കം ആഴ്ചയില്‍ 42 സര്‍വീസുകളാണ് ഇല്ലാതാകുന്നത്. അബുദാബി, ദുബയ്, ഷാര്‍ജ, മസ്‌കറ്റ്, റാസല്‍ഖൈമ റൂട്ടുകളിലെ സര്‍വീസുകളുടെ എണ്ണം ഗണ്യമായി കുറച്ചു. മൊത്തത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കേരളത്തിലെ പ്രധാന റൂട്ടുകളില്‍ ആഴ്ചയില്‍ 96 സര്‍വീസുകളുണ്ടായിരുന്നത് 54 ആയി കുറയും. കരിപ്പൂരില്‍നിന്ന് 25ഉം കൊച്ചിയില്‍നിന്ന് 11ഉം തിരുവനന്തപുരത്തുനിന്ന് 18ഉം സര്‍വീസുകളാണ് വെട്ടിക്കുറച്ചത്. ജിദ്ദ ഉള്‍പ്പെടെയുള്ള പ്രധാന റൂട്ടുകളില്‍ 95 ശതമാനത്തിലധികം യാത്രക്കാരുണ്ടായിരുന്നിട്ടും സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. നിരക്ക് കുറവായതിനാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ പ്രധാനമായും ആശ്രയിച്ചിരുന്ന സാധാരണക്കാരായ ഗള്‍ഫ് പ്രവാസികള്‍ക്കാണ് ഈ തീരുമാനം കനത്ത തിരിച്ചടിയാകുന്നത്.
