ഇന്ധന വില കുതിച്ചുയര്‍ന്നു; ടിക്കറ്റിന് അധിക ചാര്‍ജ് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിമാന ഇന്ധനവില ഉയര്‍ന്നതോടെ ടിക്കറ്റുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. ടിക്കറ്റ് നിരക്കിന് പുറമേ അധിക ചാര്‍ജ് ഈടാക്കാനാണ് വിമാനക്കമ്പനികളുടെ നിലപാട്.
പുതിയ തീരുമാനത്തോടെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ സര്‍വീസുകളുടെ ടിക്കറ്റ് നിരക്കുകള്‍ ഉയരും. ആഭ്യന്തര സര്‍വീസുകളില്‍ ടിക്കറ്റിനൊപ്പം 399 രൂപ അധികമായി ഈടാക്കും. നാളെ പുലര്‍ച്ചെ മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് പുതിയ നിരക്ക് ബാധകമാവുക. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് 830 രൂപ സര്‍ചാര്‍ജ് നല്‍കണം. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ എന്നിവ ഉള്‍പ്പെടുന്ന സാര്‍ക്ക് രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്.
യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് മാര്‍ച്ച് 18 മുതല്‍ സര്‍ചാര്‍ജ് നിലവില്‍ വരും. യൂറോപ്പിലേക്ക് 25 ഡോളറും നോര്‍ത്ത് അമേരിക്കയും ഓസ്‌ട്രേലിയയും ലക്ഷ്യമാക്കിയുള്ള സര്‍വീസുകള്‍ക്ക് 50 ഡോളറും അധികമായി ഈടാക്കും. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് 30 ഡോളറും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് 20 ഡോളറും സര്‍ചാര്‍ജ് നിശ്ചയിച്ചിട്ടുണ്ട്.
ഇതിനുമുന്‍പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് അധിക തുക ബാധകമല്ല. എന്നാല്‍ യാത്ര തിയ്യതി മാറ്റുകയോ ടിക്കറ്റ് റീഷെഡ്യൂള്‍ ചെയ്യുകയോ ചെയ്താല്‍ പുതിയ നിരക്ക് നല്‍കേണ്ടിവരും. വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ഇന്ധനത്തിനായി ചെലവാകുന്ന സാഹചര്യത്തില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താതെ സര്‍വീസുകള്‍ തുടരുന്നത് ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് കമ്പനികള്‍. എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ തീരുമാനത്തിന് പിന്നാലെ മറ്റു വിമാനക്കമ്പനികളും ഉടന്‍ നിരക്ക് വര്‍ധന പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് സൂചന.
