എഐ പാഠ്യപദ്ധതിയുടെ ഭാഗമാകും; വിദഗ്ധ സമിതിയെ രൂപീകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡല്‍ഹി: എഐ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. 2026-27 അധ്യയന വര്‍ഷത്തില്‍ മൂന്നാം ക്ലാസ് മുതല്‍ എഐ പാഠ്യ വിഷയമാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. എഐ ദൈനംദിന ജീവിതത്തില്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നതില്‍ കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സാങ്കേതിക വിദ്യയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കുട്ടികള്‍ ചെറുപ്പം മുതലേ പഠിച്ചു തുടങ്ങണം. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം(എന്‍ഇപി), 2023 ലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫിഎസ്ഇ) എന്നിവയുമായി യോജിപ്പിച്ചായിരിക്കും പാഠ്യപദ്ധതി. അധ്യാപകര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ഇതിനായി സിബിഎസ്ഇ, എന്‍സിഇആര്‍ടി, കെവിഎസ്, എന്‍വിഎസ് എന്നിവയുമായി കൂടിയാലോചന നടത്തിയെന്നും മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) പ്രൊഫസര്‍ കാര്‍ത്തിക് രാമന്‍ അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെ രൂപീകരിച്ചെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.