ന്യൂഡല്‍ഹി: ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിന് ഇന്ന് തലസ്ഥാന നഗരിയില്‍ തുടക്കം. ആഗോള ദക്ഷിണ രാജ്യങ്ങളില്‍ ആദ്യമായാണ് ഇത്തരമൊരു ഉച്ചകോടി നടക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ പ്രായോഗിക വശങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് ഈ മേഖലയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം.
സുരക്ഷാ ഭീഷണികളെക്കാള്‍ ഉപരിയായി, സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് എഐലൂടെ എങ്ങനെ പരിഹാരം കണ്ടെത്താം എന്നതിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് പ്രാദേശികമായി വികസിപ്പിച്ച എഐ പരിഹാരങ്ങള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കും.
ഏതാനും രാജ്യങ്ങളുടെ കൈകളില്‍ മാത്രം എഐ സാങ്കേതികവിദ്യ ഒതുങ്ങിനില്‍ക്കാതെ എല്ലാവര്‍ക്കും ലഭ്യമാക്കുക. സര്‍വം , ഭാരത്ജെന്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ വികസിപ്പിച്ച ഭാഷാ മോഡലുകളുടെ ലോഞ്ച് ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നു.എഐ കടന്നുവരുന്നതോടെ തൊഴില്‍ വിപണിയിലുണ്ടാകുന്ന മാറ്റങ്ങളും പുതിയ നൈപുണ്യ വികസനവും ചര്‍ച്ചയാകും.
ഫെബ്രുവരി 16 മുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്ന ഉച്ചകോടി ഫെബ്രുവരി 19-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഭാരത് മണ്ഡപത്തില്‍ വച്ച് പ്രധാനമന്ത്രി ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026 ഉദ്ഘാടനം ചെയ്യും. നയരൂപീകരണവും പ്രായോഗികതയും സംഗമിക്കുന്ന വേദിയായിരിക്കും ഇതെന്നും സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ എഐ ചെലുത്തുന്ന സ്വാധീനം ഇവിടെ പ്രദര്‍ശിപ്പിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
