എഐ കേന്ദ്രീകൃത പുനസംഘടന; ഗൂഗിള്‍ ജീവനക്കാര്‍ക്ക് വോളന്ററി എക്‌സിറ്റ് പാക്കേജ്
ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കേന്ദ്രീകൃത പ്രവര്‍ത്തന രീതികളിലേക്ക് പൂര്‍ണ്ണമായും മാറുന്നതിന്റെ ഭാഗമായി ഗൂഗിള്‍ ജീവനക്കാര്‍ക്ക് വോളന്ററി എക്‌സിറ്റ് പാക്കേജുകള്‍ വാഗ്ദാനം ചെയ്തു. കമ്പനിയുടെ പുതിയ എഐ ദൗത്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ക്കും ജോലിയിലെ തീവ്രത കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മാന്യമായ നഷ്ടപരിഹാരത്തോടെ പിരിഞ്ഞുപോകാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ഗൂഗിളിന്റെ ഗ്ലോബല്‍ ബിസിനസ് ഓര്‍ഗനൈസേഷനിലെ ചില പ്രത്യേക വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് ഈ അവസരം ലഭ്യമാക്കിയത്. കമ്പനിയുടെ ചീഫ് ബിസിനസ് ഓഫീസര്‍ ഫിലിപ്പ് ഷിന്‍ഡ്‌ലര്‍ ജീവനക്കാര്‍ക്ക് അയച്ച ആഭ്യന്തര മെമ്മോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025ല്‍ ശ്രദ്ധേയമായ സാമ്പത്തിക നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും, സാങ്കേതിക മാറ്റങ്ങളോട് അതിവേഗം പൊരുത്തപ്പെടാന്‍ തയ്യാറുള്ള സംഘത്തെയാണ് ഇനി ആവശ്യമെന്നാണ് നിലപാട്. എഐയുടെ സഹായത്തോടെ വ്യാപക സ്വാധീനം ചെലുത്താനുള്ള ദൗത്യത്തില്‍ ഓരോ അംഗവും സജീവ പങ്കാളികളാകണം. കമ്പനിയുടെ വേഗതയോടും ലക്ഷ്യങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ക്ക് വോളന്ററി എക്‌സിറ്റ് തിരഞ്ഞെടുക്കാമെന്നാണ് നിര്‍ദേശം.
അമേരിക്കയിലെ സെയില്‍സ്, കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ്, സൊല്യൂഷന്‍സ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഈ നീക്കം പ്രധാനമായും ബാധിക്കുക. കസ്റ്റമര്‍ സര്‍വീസുമായി നേരിട്ട് ബന്ധമുള്ള ടീമുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിര്‍ബന്ധിത പിരിച്ചുവിടലുകള്‍ക്ക് പകരം സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരം നല്‍കുന്നതിലൂടെ കമ്പനിയുടെ പ്രതിച്ഛായ നിലനിര്‍ത്താനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
മൈക്രോസോഫ്റ്റ്, മെറ്റാ എന്നിവയും മുന്‍പ് എഐ കേന്ദ്രീകൃത പുനസംഘടനകള്‍ നടപ്പാക്കിയിരുന്നു. എഐ സാങ്കേതികവിദ്യയുടെ വ്യാപക പ്രചാരം ടെക് മേഖലയിലെ തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്ന സൂചനയായി ഗൂഗിളിന്റെ പുതിയ നീക്കം വിലയിരുത്തപ്പെടുന്നു.
