ആഗോള അയ്യപ്പ സംഗമം; പന്തളം കൊട്ടാരം പ്രതിനിധികള്‍ പങ്കെടുക്കില്ല

Update: 2025-09-17 11:12 GMT

പത്തനംതിട്ട: ശനിയാഴ്ച പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പ്രതിനിധികള്‍ പങ്കെടുക്കില്ല. കുടുംബാംഗങ്ങളുടെ നിര്യാണത്തെ തുടര്‍ന്നുള്ള അശുദ്ധി കാരണമാണ് പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം. പന്തളം കൊട്ടാരം നിര്‍വാഹകസംഘം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. 27 വരെ അശുദ്ധിയുള്ളതിനാല്‍ അതുവരെ ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം കൊട്ടാരം വിട്ടുനില്‍ക്കും എന്ന് നിര്‍വാഹകസംഘം സെക്രട്ടറി എം ആര്‍ എസ് വര്‍മ്മ പത്രക്കുറിപ്പില്‍ അറിയിച്ചു.

അശുദ്ധി കാരണമാണ് പങ്കെടുക്കാത്തത് എന്ന് പറയുമ്പോഴും, 2018ല്‍ ശബരിമല പ്രക്ഷോഭ കാലത്തെടുത്ത കേസുകള്‍ പിന്‍വലിക്കണം എന്ന കൊട്ടാരത്തിന്റെ ആവശ്യം പരിഗണിക്കാത്തതിലുള്ള അതൃപ്തിയും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും സംരക്ഷിച്ച് മാത്രമേ മുന്നോട്ട്‌പോകാവൂ എന്നും കൊട്ടാരം ആവശ്യപ്പെടുന്നുണ്ട്. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനെ സംബന്ധിച്ച് വലിയ തമ്പുരാന്‍ തിരുവോണം നാള്‍ രാമവര്‍മ്മയുമായി സംസാരിച്ചപ്പോള്‍ ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസനങ്ങള്‍ വരുന്നതിന് കൊട്ടാരം എതിരല്ലെന്ന് അദ്ദേഹം അറിയിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം, ആഗോള അയ്യപ്പസംഗമത്തിനെതിരായ ഹരജി സുപ്രിംകോടതി തള്ളി. ആഗോള അയ്യപ്പസംഗമം നടത്താമെന്ന ഹൈക്കോടതി വിധിക്കെതിരേ വന്ന ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് കോടതി പറഞ്ഞു. സംഗമത്തിന് അനുമതിനല്‍കിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ഡോ പി എസ് മഹേന്ദ്രകുമാറാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. അയ്യപ്പസംഗമത്തില്‍ സര്‍ക്കാര്‍ പങ്കുവഹിക്കുന്നത് ഭരണഘടനയിലെ മതേതരത്വത്തിന്റെ ലംഘനമാണെന്നാണ് ഹരജിയിലെ ആരോപണം. ദേവസ്വം ബോര്‍ഡിനെ ഭരണകക്ഷിയുടെ രാഷ്ട്രീയായുധമാക്കി മാറ്റാനാവില്ല. ദേവസ്വത്തിന്റെ ഫണ്ട് ഇത്തരം ആവശ്യങ്ങള്‍ക്കായി വകമാറ്റാനാവില്ലെന്നും അഡ്വ. എം എസ് വിഷ്ണുശങ്കര്‍വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു.

Tags: