അഗ്നിപഥ് പ്രതിഷേധം; അക്രമം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങി വാരാണസി ഭരണകൂടം

പ്രതിഷേധത്തില്‍ 36 ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും 12.97 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു

Update: 2022-06-22 04:56 GMT

വാരാണസി: അഗ്നിപഥ് പ്രതിഷേധത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ അക്രമം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങി വാരാണസി ഭരണകൂടം. ഇതിന്റെ ആദ്യ പടിയെന്ന രീതിയില്‍ നഷ്ടം സംഭവിച്ചതിന്റെ കണക്കെടുക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

കണക്കെടുപ്പിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായാല്‍ കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.അഗ്നിപഥ് പദ്ധതിക്കെതിരെ ഉത്തര്‍പ്രദേശിലുടനീളം വന്‍ പ്രതിഷേധങ്ങളാണ് ഉണ്ടായത്. പലയിടത്തും ട്രെയിനുകള്‍ കത്തിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു.

പ്രതിഷേധത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.വരാണസി മുനിസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രതിഷേധത്തിനിടെ നശിപ്പിച്ച സര്‍ക്കാര്‍ സ്വത്തുക്കളുടെ പട്ടികയും നശിപ്പിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഭരണകൂടം തയ്യാറാക്കുന്നുണ്ടെന്നും വരാണസി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ശേഖരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 17ന് നടന്ന പ്രതിഷേധത്തില്‍ 36 ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും 12.97 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു. കേസില്‍ ഇതുവരെ 27 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും,മറ്റ് നിരവധി പേരെ തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സേനയുടെ അടിസ്ഥാനം അച്ചടക്കമാണെന്നും,ആക്രമത്തില്‍ പങ്കെടുത്തവരെ അഗ്നിപഥ് പദ്ധതിയില്‍ അപേക്ഷിക്കാന്‍ അനുവദിക്കില്ലെന്നും സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.അഗ്നിപഥ് വിരുദ്ധ സമരത്തിന്റെയോ നശീകരണ പ്രവര്‍ത്തനത്തിന്റെയോ ഭാഗമായില്ലെന്ന് അപേക്ഷിക്കുന്ന ഓരോ വ്യക്തിയും സത്യവാങ്മൂലം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.പോലിസ് വെരിഫിക്കേഷന്‍ നടത്തിയതിന് ശേഷമേ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News