സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്: ആധാര്‍ കാര്‍ഡ് വ്യാജമെന്ന് കണ്ടെത്തി, രണ്ട് അത്‌ലറ്റുകള്‍ക്കെതിരേ നടപടി, ദേശീയ സ്‌കൂള്‍ മീറ്റിനുള്ള ക്യാംപില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാന സ്‌കുള്‍ കായിക മേളയില്‍ പ്രായത്തട്ടിപ്പ് നടത്തിയ രണ്ടു അത്‌ലറ്റുകളെ ദേശീയ സ്‌കൂള്‍ മീറ്റിനുള്ള ക്യാംപില്‍ നിന്നും ഒഴിവാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ റിലേ ടീം അംഗം പ്രേം ഓജ(തിരുനാവായ നാവാമുകുന്ദ സ്‌കൂള്‍), സബ് ജൂനിയര്‍ ആണ്‍ 100 മീറ്റര്‍ താരം സഞ്ജയ്(പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂള്‍)എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇരുവരും മെഡല്‍ നേടിയിരുന്നു. ഇവരുടെ ആധാര്‍ കാര്‍ഡ് വ്യാജമെന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതര സംസ്ഥാനത്തു നിന്നുള്ള വിദ്യാര്‍ഥികളാണിവര്‍. കായിക മേഖലയില്‍ മികവു തെളിയിച്ച മറുനാടന്‍ താരങ്ങളുടെ ജനന തീയതിയില്‍ തട്ടിപ്പു നടത്തിയാണ് സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഇവരെ മല്‍സരിപ്പിച്ചത്. ഒക്ടോബര്‍ അവസാന വാരത്തില്‍ തിരുവനന്തപുരത്തു നടന്ന സ്‌കൂള്‍ കായിക മേളയില്‍ തന്നെ ഇതു സംബന്ധിച്ച് ആരോപണമുയര്‍ന്നിരുന്നു. അത്‌ലറ്റിക് ഫെഡറേഷന്‍ രേഖകളില്‍ 21 വയസുള്ള താരത്തെ വ്യാജ ആധാര്‍ ഉപയോഗിച്ച് അണ്ടര്‍ 19 വിഭാഗത്തിലാണ് മല്‍സരിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് മല്‍സര ഫലം റദ്ദാക്കിയിരുന്നു.