സ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ഭീതിയോടെ നാട്ടുകാർ

Update: 2024-03-28 10:14 GMT

തൃശൂര്‍: മണ്ണുത്തി പട്ടിക്കാട് ചുവന്നമണ്ണ് വാരിയത്തുകാട് നറുക്ക് എന്ന സ്ഥലത്ത് കാട്ടാനകളുടെ ആക്രമണത്തില്‍ വ്യാപകനഷ്ടം. കൃഷിയും വൈദ്യുതി പോസ്റ്റുകളും കാട്ടാനകള്‍ തകര്‍ത്തു. പ്രദേശത്തെ നൂറോളം തെങ്ങുകളും, 150 ഓളം കവുങ്ങുകളും, 500 വാഴകളും ആക്രമണത്തില്‍ നശിച്ചു. കൂടാതെ പ്ലാവ്, മാവ്, റബ്ബര്‍, കടപ്ലാവ്, കുരുമുളക് തുടങ്ങിയ മരങ്ങളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ഏകദേശം ഒരു മാസമായി ഈ പ്രദേശത്ത് കാട്ടാനകളുടെ ആക്രമണം നടന്നുവരികയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

രാത്രി 9 മണിയോട് കൂടിയാണ് കാട്ടാനക്കൂട്ടം സ്ഥലത്ത് എത്തുന്നത്. പ്രദേശവാസികള്‍ പടക്കം പൊട്ടിച്ച് ആനകളെ തുരത്തുമെങ്കിലും അതിനുശേഷം ആനകള്‍ വീണ്ടും ആക്രമണം അഴിച്ചു വിടും. കൃഷികള്‍ക്കൊപ്പം നാലോളം വൈദ്യുതി പോസ്റ്റുകളും തകര്‍ത്തിട്ടുണ്ട്. ചവിട്ടി വീഴ്ത്തിയ തെങ്ങ് വൈദ്യുതി പോസ്റ്റില്‍ വീണു തെങ്ങ് നിന്ന് കത്തുകയും ചെയ്തു. സഹോദരങ്ങളായ പൂക്കളത്ത് കളരിക്കല്‍ നകുലന്‍, ഗോപാലകൃഷ്ണന്‍, വിജയലക്ഷ്മി, പരുന്നലില്‍ ജോണി, മലയന്‍ കുന്നേല്‍ ഇന്ദിരാത്മജന്‍, ചീരാത്ത് മഠത്തില്‍ രാം കിഷോര്‍, എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്.

Tags:    

Similar News