പോലിസിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും മര്‍ദന ആരോപണത്തിന്റെ നിഴലില്‍

Update: 2025-09-08 11:26 GMT

തൃശൂര്‍: പോലിസിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും മര്‍ദന ആരോപണം. അഞ്ചു വര്‍ഷം മുന്‍പ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനമേറ്റെന്നാണ് പൊതുപ്രവര്‍ത്തകനായ മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശി ബൈജു ആന്‍ഡ്രൂസ് പറയുന്നത്. തടി കഷ്ണം ഉപയോഗിച്ച് തലക്കടിച്ചെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് ബൈജു ആരോപിക്കുന്നത്. മര്‍ദനത്തെ തുടര്‍ന്ന് നിത്യരോഗിയായെന്നും ബൈജു ട്വന്റിഫോറിനോട് പറഞ്ഞു.

ബൈജുവിനൊപ്പം കൃഷി നോക്കി നടത്തിയിരുന്ന ആള്‍ മാനിനെ വെടിവെച്ചുകൊന്നിരുന്നു. ആ കേസില്‍ പങ്കുണ്ടെന്നാരോപിച്ചുകൊണ്ട് ബൈജുവിനെ അകമ്പാടം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍ എത്തിയതുമുതല്‍ ഫോണ്‍ കൈയില്‍ നിന്ന് പിടിച്ചുവാങ്ങി മര്‍ദിക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകനാണെന്ന കാര്യം പോലും പരിഗണിക്കാതെയായിരുന്നു ബൈജുവിനെ ഉദ്യോഗസ്ഥര്‍ കെട്ടിയിട്ട് മര്‍ദിച്ചത്. പിന്നീട് കേസില്‍ പ്രതിയാക്കി 2020 തന്നെ കോടതിയില്‍ ഹാജരാക്കുകയുെ ചെയ്തു. കൊവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ ആയിട്ടായിരുന്നു കോടതിയില്‍ ഹാജരായതെന്നും അതുകൊണ്ടു തന്നെ ജഡ്ജിയോട് മര്‍ദനവിവരം തുറന്നുപറയാന്‍ സാധിച്ചിരുന്നില്ലെന്നും ബൈജു പറയുന്നു. കുന്നംകുളത്തെ കസ്റ്റഡി മര്‍ദന വിവരം പുറത്തുവന്നപ്പോഴാണ് തനിക്ക് ഇക്കാര്യങ്ങള്‍ തുറന്നുപറയണമെന്ന് തോന്നിയതെന്നും മുഖമന്ത്രിക്കും വനം മന്ത്രിക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: