മെറ്റയ്ക്ക് പിന്നാലെ ഒറാക്കിളിലും ജീവനക്കാരെ പിരിച്ചുവിടുന്നു

Update: 2026-04-01 09:04 GMT

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐടി കമ്പനിയായ ഒറാക്കിള്‍ വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) രംഗത്ത് വ്യാപനം ലക്ഷ്യമിട്ട് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ ചെലവഴിച്ച വന്‍ തുകയും അതിനെ തുടര്‍ുണ്ടായ സാമ്പത്തിക സമ്മര്‍ദ്ദവുമാണ് നടപടിക്ക് പിന്നിലെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ നിന്നുമാത്രം 12,000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി.

സ്ഥാപനപരമായ പുനസംഘടനയുടെ ഭാഗമായി നിങ്ങളുടെ സേവനം ഇനി കമ്പനിക്ക് ആവശ്യമില്ല എന്നറിയിച്ചുകൊണ്ടാണ് പിരിച്ചുവിടല്‍ ഇ മെയില്‍ സന്ദേശമയച്ചത്. ഒരു വര്‍ഷത്തിലധികം സേവനം ചെയ്ത ജീവനക്കാര്‍ക്ക് 15 ദിവസത്തെ വേതനവും, കൂടാതെ ടെര്‍മിനേഷന്‍ തിയ്യതി വരെയുള്ള ഒരു മാസത്തെ ശമ്പളവും ലീവ് എന്‍കാഷ്‌മെന്റും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സ്വമേധയാ രാജിവക്കുന്നവര്‍ക്കായി പ്രത്യേക പാക്കേജും ഒരുക്കിയിട്ടുണ്ട്.

ക്ലൗഡ് വിപണിയില്‍ ശക്തമായ സ്ഥാനം ഉറപ്പിക്കാന്‍ ഓപ്പണ്‍ എഐ, മെറ്റ തുടങ്ങിയ കമ്പനികളുമായി ഒറാക്കിള്‍ സഹകരിച്ചിരുന്നു. എന്നാല്‍ അത്യാധുനിക ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ വന്‍ നിക്ഷേപം കമ്പനിയുടെ സാമ്പത്തിക നിലയെ സമ്മര്‍ദത്തിലാക്കി. ഈ വര്‍ഷം മാത്രം ഏകദേശം 50 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം. ഇതോടെ കടബാധ്യത കുത്തനെ ഉയരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

Tags: