ഗസയില്‍ സ്ത്രീകളെ കൊല്ലുമ്പോള്‍ മൗനം പാലിക്കുന്നവര്‍ അഫ്ഗാന്റെ കാര്യത്തില്‍ കാപട്യം കാണിക്കുന്നു: മൗലവി സൈബുല്ലാഹ് മുജാഹിദ്

Update: 2025-07-09 14:33 GMT

കാബൂള്‍: ഭരണാധികാരികള്‍ക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി ഇറക്കിയ അറസ്റ്റ് വാറന്റുകള്‍ ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ തള്ളി. അന്താരാഷ്ട്ര നീതിന്യായ കോടതിയെ അംഗീകരിച്ചിട്ടില്ലെന്നും അവരുടെ അറസ്റ്റ് വാറന്റുകളെ വിലവയ്ക്കുന്നില്ലെന്നും സര്‍ക്കാര്‍ വക്താവ് മൗലവി സൈബുല്ലാഹ് മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് താലിബാന്‍ നേതാവ് ഹിബാത്തുല്ല അഖുന്ദസാദ, ചീഫ്ജസ്റ്റിസ് അബ്ദുല്‍ ഹക്കീം ഹഖാനി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര നീതി ന്യായ കോടതി അറസ്റ്റ് വാറന്‍ഡ് ഇറക്കിയത്. ഇതിനെ സൈബുല്ലാഹ് മുജാഹിദ് വിമര്‍ശിച്ചു.

'''ഇസ്‌ലാമിക ശരീഅത്ത് നിയമത്തില്‍ അധിഷ്ഠിതമായ ഒരു നീതിന്യായ വ്യവസ്ഥയാണ് അഫ്ഗാനിലുള്ളത്. നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ആഹ്വാനങ്ങള്‍ ഇസ് ലാമിക വിശ്വാസങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. അത് ഇസ്‌ലാമിനോടുള്ള ശത്രുതയുടെ പ്രകടനവുമാണ്. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുമ്പോള്‍ അന്താരാഷ്ട്ര നീതിന്യായ കോടതി എന്തെങ്കിലും ചെയ്യുന്നുണ്ടോ?. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ അവിടെ കൊല്ലപ്പെടുന്നു. അപ്പോഴൊന്നും നിലപാട് എടുക്കാത്തവര്‍ അഫ്ഗാനിസ്താന്റെ കാര്യത്തില്‍ വാദങ്ങളുന്നയിക്കുന്നത് കാപട്യമാണ്.''-മുജാഹിദ് പറഞ്ഞു.