സാങ്കേതിക വിദ്യാഭ്യാസത്തില്‍ പുതിയ ചുവട്;സ്‌കൂളുകളിലേക്ക് അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ റോബോട്ടിക്‌സ് പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍) മുഖേന അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഫെബ്രുവരി മാസത്തില്‍ 2,500 അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളാണ് സ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വഴി വിന്യസിക്കുന്നത്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇതിനകം തന്നെ 29,000 റോബോട്ടിക് കിറ്റുകള്‍ കൈറ്റ് വിതരണം ചെയ്തിട്ടുണ്ട്. ഈ അധ്യയനവര്‍ഷം മുതല്‍ പത്താംക്ലാസ് ഐസിടി പാഠ്യപദ്ധതിയുടെ ഭാഗമായി റോബോട്ടിക്‌സ് പഠനം ഉള്‍പ്പെടുത്തിയതോടെ നാലു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് (ഐഒടി) അധിഷ്ഠിത ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന പുതിയ അഡ്വാന്‍സ്ഡ് കിറ്റുകള്‍ സ്‌ക്കൂളുകളിലേക്ക് എത്തിക്കുന്നത്.
നിലവിലുള്ള റോബോട്ടിക് കിറ്റുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ നൂതന സാങ്കേതികവിദ്യകളാണ് അഡ്വാന്‍സ്ഡ് കിറ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐഒടി സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇഎസ്പി32 ഡെവലപ്‌മെന്റ് ബോര്‍ഡാണ് പ്രധാന ഘടകം. ഇതോടൊപ്പം അള്‍ട്രാസോണിക് ഡിസ്റ്റന്‍സ് സെന്‍സര്‍, സോയില്‍ മോയിസ്ചര്‍ സെന്‍സര്‍, പിഐആര്‍ മോഷന്‍ സെന്‍സര്‍, ലൈന്‍ ട്രാക്കിംഗ് സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോബോട്ടിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഫോര്‍ ഡബ്ല്യു ഡി സ്മാര്‍ട്ട് കാര്‍ ഷാസി കിറ്റ്, സബ്‌മെഴ്‌സിബിള്‍ മിനി വാട്ടര്‍ പമ്പ്, റീച്ചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയണ്‍ ബാറ്ററി പാക്ക് തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ സംവിധാനങ്ങളും കിറ്റിന്റെ ഭാഗമാണ്.
ഈ കിറ്റുകള്‍ ഉപയോഗിച്ച് പാഠപുസ്തക അറിവുകളെ അതിജീവിക്കുന്ന പ്രായോഗിക പ്രോജക്റ്റുകള്‍ ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. ലൈന്‍ പിന്തുടരുന്ന റോബോട്ടുകള്‍, ഓട്ടോമാറ്റിക് സ്മാര്‍ട്ട് ഇറിഗേഷന്‍ സിസ്റ്റങ്ങള്‍, ചലനം തിരിച്ചറിയുന്ന സുരക്ഷാ സംവിധാനങ്ങള്‍, കാഴ്ചാപരിമിതര്‍ക്കുള്ള സ്മാര്‍ട്ട് വടികള്‍, സ്മാര്‍ട്ട് വെതര്‍ സ്‌റ്റേഷനുകള്‍, വായു ഗുണനിലവാര പരിശോധനാ സംവിധാനങ്ങള്‍, ഊര്‍ജസംരക്ഷണ ഉപകരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം ലഭിക്കും. ഇതോടൊപ്പം ഇലക്ട്രോണിക് സര്‍ക്യൂട്ടുകളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും പ്രശ്‌നങ്ങള്‍ സ്വയം കണ്ടെത്തി പരിഹരിക്കാനുള്ള കഴിവ് വികസിപ്പിക്കാനും ഈ കിറ്റുകള്‍ സഹായകമാകും. ബ്ലോക്ക് കോഡിങ്, പൈത്തണ്‍, സി തുടങ്ങിയ പ്രോഗ്രാമിങ് ഭാഷകളില്‍ നൈപുണ്യം നേടുന്നതിനും അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

