ചാറ്റ് ജിപിടിയില്‍ പരസ്യങ്ങള്‍; സൗജന്യ ഉപയോക്താക്കള്‍ക്കും കുറഞ്ഞ നിരക്കുള്ള പ്ലാനുകള്‍ക്കും ബാധകം
ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടിയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഓപ്പണ്‍ എഐ തീരുമാനം. കമ്പനിയുടെ സിഇഒ സാം ആള്‍ട്ട്മാന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. എഐ സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വരുന്ന ഉയര്‍ന്ന ചെലവ് നിയന്ത്രിക്കുന്നതിനും വരുമാന മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടിയുടെ ഭാഗമായാണ് പരസ്യങ്ങള്‍ അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ സൗജന്യ ഉപയോക്താക്കള്‍ക്കും 'ചാറ്റ് ജിപിടി ഗോ' എന്ന കുറഞ്ഞ നിരക്കിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കുമാണ് പരസ്യങ്ങള്‍ കാണിക്കുക. പ്ലസ്, പ്രോ, എന്റര്‍പ്രൈസ് തുടങ്ങിയ പ്രീമിയം പ്ലാനുകളിലെ ഉപയോക്താക്കള്‍ക്ക് പരസ്യങ്ങള്‍ ഉണ്ടാകില്ലെന്ന് ഓപ്പണ്‍ എഐ വ്യക്തമാക്കി.
ചാറ്റ് ജിപിടി നല്‍കുന്ന മറുപടികളുടെ അവസാന ഭാഗത്ത് 'സ്‌പോണ്‍സേഡ്' എന്ന വ്യക്തമായ അടയാളത്തോടെയായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. പരസ്യങ്ങള്‍ എഐയുടെ യഥാര്‍ഥ മറുപടികളെ സ്വാധീനിക്കില്ലെന്നും ഉപയോക്താക്കളുടെ സംഭാഷണങ്ങള്‍ പരസ്യദാതാക്കളുമായി പങ്കുവയ്ക്കില്ലെന്നും സാം ആള്‍ട്ട്മാന്‍ ഉറപ്പുനല്‍കി. ഇന്‍സ്റ്റാഗ്രാമിലെ പരസ്യ മാതൃകയെ ഉദാഹരണമായി പരാമര്‍ശിച്ച ആള്‍ട്ട്മാന്‍, ഉപയോക്താക്കളെ അലട്ടാത്തതും പ്രയോജനകരവുമായ പരസ്യങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു. സ്വകാര്യതക്കും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുമെന്നും കമ്പനി അറിയിച്ചു.
18 വയസ്സിന് താഴെയുള്ള ഉപയോക്താക്കള്‍ക്ക് പരസ്യങ്ങള്‍ കാണിക്കില്ല. അതേസമയം, ആരോഗ്യം, മാനസികാരോഗ്യം, രാഷ്ട്രീയം തുടങ്ങിയ സെന്‍സിറ്റീവ് വിഷയങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ അനുവദിക്കുകയുമില്ല. വലിയ എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വന്‍ ചെലവ് കണക്കിലെടുത്താണ് പരസ്യ വരുമാനം ഒരു പുതിയ വഴിയായി ഓപ്പണ്‍ എഐ സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
