മല്‍സരത്തിനില്ല, പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കുന്നുവെന്ന് അടൂര്‍ പ്രകാശ്
കൊല്ലം: എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് വഴങ്ങി ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ്. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കുന്നുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
1996 മുതല്‍ 2019 വരെ കോന്നിയിലെ ജനങ്ങള്‍ എന്നെ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തത് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നു. ഈ കാലഘട്ടത്തില്‍ കോന്നിയിലെ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എനിക്ക് വലിയ അഭിമാനമാണ്.
കോന്നി എനിക്ക് ഒരു മണ്ഡലം മാത്രമല്ല... അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്... എന്റെ സ്വന്തം കുടുംബമാണ്.
പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ സിപിഎമ്മിന് എവിടെയും സ്ഥിരമായ ''കോട്ട'' ഇല്ലെന്ന് തെളിയിക്കാനുള്ള വലിയ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ കോന്നിയില്‍ നിന്ന് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലേക്ക് പോയത്. ആറ്റിങ്ങലിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും എന്നെ അതിയായ സ്നേഹത്തോടെയും വിശ്വാസത്തോടെയും സ്വീകരിച്ചു പാര്‍ലമെന്റിലേക്ക് അയച്ചു. ആ സ്നേഹത്തിനും വിശ്വാസത്തിനും ഞാന്‍ എന്നും കടപ്പെട്ടിരിക്കും.
അതേസമയം, ഈ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നത് പാര്‍ട്ടി നേതൃത്വം തന്നെയാണ് എന്നോട് ആവശ്യപ്പെട്ടത്. ഒപ്പം കോന്നിയില്‍ മത്സരിക്കണമെന്ന് നിങ്ങള്‍ പ്രകടിപ്പിച്ച സ്നേഹവും പ്രതീക്ഷയും എനിക്ക് വാക്കുകളില്‍ പറയാനാകാത്ത ആത്മബന്ധവും കരുത്തുമാണ് നല്‍കുന്നത്. എന്നാല്‍ ഈ പ്രാവശ്യം കോന്നിയില്‍ മത്സരിക്കാന്‍ അവസരം ലഭിക്കാതിരുന്നത് നിങ്ങളില്‍ നിരാശ ഉണ്ടാക്കുന്നുണ്ടെന്ന് ഞാന്‍ ആഴത്തില്‍ മനസ്സിലാക്കുന്നു...
എന്റെ പ്രിയപ്പെട്ടവര്‍ ഒരു കാര്യം മനസിലാക്കുക, ഞാന്‍ ചെയ്തത് പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ്. സ്ഥാനമോഹത്താലോ അധികാര മോഹത്താലോ അല്ല... പാര്‍ട്ടി പറയുന്നിടത്ത് പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ വിശ്വാസം.
അതുകൊണ്ട് ഒരു കാര്യം നമ്മള്‍ ഒരിക്കലും മറക്കരുത് നമ്മള്‍ വ്യക്തികളോട് മാത്രമല്ല, ഒരു പ്രസ്ഥാനത്തോടാണ് ബന്ധപ്പെട്ടു നില്‍ക്കുന്നത്.
പാര്‍ട്ടി എടുക്കുന്ന തീരുമാനം നമുക്ക് മാനിക്കേണ്ടതും അതിനൊപ്പം നില്‍ക്കേണ്ടതും നമ്മുടെ കടമയാണ്. കോന്നി നമ്മുടെ അഭിമാനമാണ്...അത് ഒരാളുടെ മണ്ഡലം അല്ല... നമ്മുടെയൊക്കെ പ്രസ്ഥാനത്തിന്റെ ശക്തിയാണ്. അതുകൊണ്ട് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
ഒരു കാര്യം ഞാന്‍ ഹൃദയം നിറഞ്ഞ് ഉറപ്പുനല്‍കുന്നു ഞാന്‍ എവിടെയായാലും, കോന്നിയിലും ആറ്റിങ്ങലിലും, കേരളം മുഴുവനും യു.ഡി.എഫ് വിജയത്തിനായി നിങ്ങളോടൊപ്പം ഉണ്ടാകും.
നമ്മള്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ വിജയിക്കാനാകൂ...
നമ്മുടെ ലക്ഷ്യം ഒന്നാണ്... നാം ഒന്നായി നില്‍ക്കണം
ജനദ്രോഹ ഇടത് ഭരണം അവസാനിപ്പിക്കണം.
നിങ്ങളുടെ സ്നേഹവും വിശ്വാസവും എന്റെ ശക്തിയാണ്...
അത് ഞാന്‍ ഒരിക്കലും മറക്കില്ല.

