നാവിക സേന മുൻ മേധാവി അഡ്മിറൽ ലക്ഷ്മിനാരായണ്‍ രാംദാസ് അന്തരിച്ചു

Update: 2024-03-15 10:57 GMT

ഹൈദരാബാദ്: 1971ലെ ഇന്ത്യപാക് യുദ്ധത്തിലെ വീരനായകനും സമാധാന പ്രവര്‍ത്തകനുമായിരുന്ന നാവിക സേന മുന്‍ മേധാവി അഡ്മിറല്‍  രാംദാസ് (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സെക്കന്‍ഡരാബാദിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പാകിസ്താന്‍ ഇന്ത്യ പീപിള്‍സ് ഫോറം ഫോര്‍ പീസ് ആന്റ് ഡെമോക്രസി എന്ന സമാധാന കൂട്ടായ്മ ഉള്‍പ്പെടെ ഒട്ടനവധി പൗരാവകാശ ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം 2004ല്‍ മഗ്‌സസെ പുരസ്‌കാരം നേടി. 1990 ഡിസംബര്‍ 1 മുതല്‍ 1993 സെപ്റ്റംബര്‍ 30 വരെ മൂന്ന് വര്‍ഷം നാവികസേനാ മേധാവിയായിരുന്നു രാംദാസ്.

ഇന്ത്യന്‍ നാവികസേന നിര്‍ണായക പങ്ക് വഹിച്ച 1971ലെ യുദ്ധത്തില്‍, അക്കാലത്തെ ആധുനിക തോക്കെടുക്കുന്ന കപ്പലായ ഐഎന്‍എസ് ബിയാസിന്റെ കമാന്‍ഡറായിരുന്നു അഡ്മിറല്‍ രാംദാസ്. യുദ്ധത്തിലെ ധീരതക്കും ധൈര്യത്തിനും നിശ്ചയദാര്‍ഢ്യത്തിനും അദ്ദേഹത്തിന് വീര്‍ ചക്ര നല്‍കി ആദരിച്ചു.1949ലാണ് രാംദാസ് നാവികസേനയില്‍ ചേര്‍ന്നത്. 1993ല്‍ വിരമിച്ചു. ലളിത രാംദാസ് ആണ് ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്. നാവികസേനയുടെ മൂന്നാമത്തെ മേധാവി അഡ്മിറല്‍ രാം ദാസ് കതാരിയുടെ (റിട്ട.) മകളാണ് ലളിത.

Tags: