കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി തളളി കോടതി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തളളിയത്. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് ഭാര്യ മഞ്ജുഷ ഹരജി സമര്‍പ്പിച്ചത്.കേസ് വിചാരണയ്ക്കായി തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റി.
പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണസംഘം തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമാക്കി തീര്‍ക്കുകയും ചെയ്‌തെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.ചില കാര്യങ്ങള്‍ പറയുകയും മറ്റ് ചില കാര്യങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്യുന്നതാണ് എസ്‌ഐടിയുടെ കുറ്റപത്രമെന്നാണ് ഹര്‍ജിയില്‍ മഞ്ജുഷ ആരോപിച്ചത്.അതേസമയം, കുടുംബത്തിന്റെ ആവശ്യങ്ങള്‍ ഇതിനകം തന്നെ പരിശോധിച്ചതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ നടപടി.
2024 ഒക്ടോബര്‍ 15ാം തീയതിയാണ് എഡിഎം നവീന്‍ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നവീന്‍ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു സംഭവം.