പത്തനംതിട്ട: കാലുവേദന മൂലമാണ് ശബരിമലയിലേക്ക് ട്രാക്ടറില്‍ പോയതെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍. അതേസമയം, അജിത്കുമാര്‍ നടത്തിയ ട്രാക്ടര്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അജിത്കുമാറിനൊപ്പം രണ്ട് പേഴ്സണല്‍ സ്റ്റാഫുകളും ട്രാക്ടറിലുണ്ട്. സന്നിധാനത്ത് നവഗ്രഹ വിഗ്രഹ പ്രതിഷ്ഠ നടന്ന ദിവസമാണ് അജിത്കുമാര്‍ ശബരിമലയിലെത്തിയത്. പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറില്‍ യാത്ര ചെയ്തതാണ് വിവാദത്തിന് കാരണമായത്. സന്നിധാനത്തുനിന്ന് പമ്പയിലേക്ക് യാത്രചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിച്ചതാണ്. ഈ നിരോധനം വകവെയ്ക്കാതെയാണ് അജിത്കുമാര്‍ യാത്ര നടത്തിയത്. ഇത് വിവാദമാവുകയും ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തുകയായിരുന്നു. സംഭവത്തില്‍ പമ്പ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.