നടി വിഷ്ണുപ്രിയയുടെ പിതാവിനെ കൊലപ്പെടുത്തിയത് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍; ഒന്‍പത് പേര്‍ പിടിയില്‍

Update: 2026-02-28 07:26 GMT

പഴനി: നടി വിഷ്ണുപ്രിയയുടെ പിതാവും ബിസിനസുകാരനുമായ സൂര്യനാരായണന്‍ (73) കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്‍പത് പേരെ കൊടൈക്കനാല്‍ പോലിസ് അറസ്റ്റ് ചെയ്തു. ചെന്നൈ ആരക്കോണം തിരുവള്ളുവര്‍ സ്വദേശികളായ ശ്യാം (31), ഗോകുല്‍നാഥ് (26), രഞ്ജിത്ത് (32), കൃഷ്ണപ്രസാദ് (25), അക്ഷയ നടരാജ് (26), കാര്‍ത്തി (26), കിരണ്‍ (26), ഇയാളുടെ അമ്മ ഗിരിജ (54), കോട്ടേജ് ജീവനക്കാരന്‍ അറുമുഖം (54) എന്നിവരാണ് പിടിയിലായത്.

പ്രതികളില്‍ നിന്ന് രണ്ടു കാര്‍, സ്വര്‍ണം, സ്വത്തുരേഖകള്‍ എന്നിവ പിടിച്ചെടുത്തു. ചെന്നൈയില്‍ സൂര്യനാരായണന്റെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതക ആസൂത്രണമെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഗിരിജയെയും മകനെയും ഉപയോഗിച്ചാണ് പദ്ധതി തയ്യാറാക്കിയതെന്നും പറയുന്നു.

കഴിഞ്ഞ 21നു പ്രതികള്‍ ടൂറിസ്റ്റുകളെന്ന വ്യാജേന സൂര്യനാരായണന്റെ കോട്ടേജില്‍ താമസിക്കുകയായിരുന്നു. രാത്രി ജീവനക്കാരെയും സൂര്യനാരായണനെയും വേര്‍തിരിച്ച മുറികളില്‍ കെട്ടിയിട്ടു. രക്ഷപ്പെട്ട ഒരു തൊഴിലാളി പോലിസിനെ വിവരം അറിയിച്ചു. പോലിസ് എത്തിയപ്പോഴേക്കും വായ പ്ലാസ്റ്റര്‍ കൊണ്ട് മൂടിയതിനാല്‍ ശ്വാസം കിട്ടാതെ സൂര്യനാരായണന്‍ മരിച്ചു. ദിണ്ടിക്കല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം വിവിധ സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മഹേന്ദ്രന്‍ എന്ന ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലിസ് അറിയിച്ചു.

Tags: